Labels

Tuesday, September 7, 2010

കഥാസാരം

ദൈവത്തിന്റെ കടയില്‍
മുന്‍വിധികള്‍ വില്‍ക്കാന്‍ വച്ചിരിക്കുന്നെന്നു കേട്ടു.
വാങ്ങാന്‍ ചെന്നപ്പോള്‍
രണ്ടെണ്ണം മാത്രം ബാക്കി.


"ഇഷ്ടമുള്ളതെടുക്കാം“ ദൈവം കണ്ണിറുക്കി.


രണ്ടും അനാകര്‍ഷകം
വിരക്തം.അവ്യക്തം.
ഞാന്‍ രണ്ടുമെടുത്തു.


ഒന്നാമത്തേത് ഒരു യോഗിനിയുടേതുപോലെ.
നിസ്സംഗമായ തലക്കെട്ട്
നിറഭേദങ്ങളില്ലാത്ത
പകര്‍ത്തെഴുത്തുപോലുള്ള ദിവസങ്ങള്‍
അരക്കെട്ടു വരെ മുഴുസ്വാതന്ത്ര്യം
കാലില്‍ അദൃശ്യമായ ചങ്ങലക്കിലുക്കം
ഒറ്റജാലകത്തിന്റെ ഫ്രെയിമില്‍ ലോകം ചുരുണ്ടുകിടന്നു
ആരാധിക്കാന്‍,
അമാനുഷികരും പെണ്‍ഛായയുള്ളവരുമ‍ായ
നായകന്മാരുടെ പടങ്ങള്‍
മഞ്ഞത്തയമ്പിന്റെ തൊപ്പികളണിഞ്ഞ
വിരസങ്ങളായ പകലുകള്‍
അടിവസ്ത്രങ്ങള്‍
ശരീരമാര്‍ദ്ദവങ്ങളോടു യുദ്ധത്തിലായിരുന്നു
കഴുത്തു ഞെരിച്ചുകൊന്ന
ഒരു കടല്‍പ്പെരുപ്പം
ആത്മാവില്‍ ഇരമ്പിക്കൊണ്ടേയിരുന്നു


"ദൈവമേ, ഹോ, വേണ്ട"
ഞാന്‍ രണ്ടാമത്തെ പൊതിയഴിച്ചു


അതു വേശ്യയുടേതായിരുന്നു
അക്ഷരങ്ങളിന്മേല്‍ അമര്‍ന്നു കിടക്കുന്ന ഇരുട്ട്.
ചെടിപ്പിന്റെ ഛര്‍ദ്ദില്‍ കെട്ടു പൊട്ടിക്കുമെന്ന്
അഴിച്ചിട്ട സുഗന്ധങ്ങള്‍ എപ്പോഴും ഭയപ്പെട്ടു
സ്വതന്ത്രമായ കാലുകള്‍.
മുടി തൊട്ടു തുടവരെ
വേര്‍തിരിക്കാനാകാത്ത സ്രവഗന്ധങ്ങളുടെ തിരക്ക്.
കടുത്ത പുറംതോടിനുള്ളില്‍
തടഞ്ഞുവീഴുന്ന ദീര്‍ഘശ്വാസങ്ങള്‍.
ഒറ്റജാലകവും നക്ഷത്രങ്ങളും ഉണ്ടായിരുന്നു
കറുപ്പും വെളുപ്പും കൈകള്‍ നീട്ടി
തണുത്ത നഗ്നതയില്‍ ചിത്രം വരയ്ക്കുന്ന ചന്ദ്രന്‍
കാമുകനും കാവല്‍ക്കാരനുമായിരുന്നു
ഓര്‍മ്മയും ഉന്മാ‍ദവും
മുഷിഞ്ഞ തുണികള്‍ക്കിടയില്‍
മരിച്ചു കിടപ്പുണ്ടായിരുന്നു


ഞാന്‍ കോപത്തോടെ
ദൈവത്തെ കാണാന്‍ തിരിച്ചു നടന്നു


ഒരു കുറിപ്പെഴുതിവച്ചു അയാള്‍ സ്ഥലം വിട്ടിരുന്നു


"നിയോഗങ്ങള്‍ രണ്ടും അപഹരിച്ചവളേ
നീ കുടുംബിനിയായി വാഴുക..."

25 comments:

  1. ഒന്നായി വാഴുക.

    ReplyDelete
  2. നീ കുടുംബിനിയായി വാഴുക..ആശംസകള്‍ ....

    ReplyDelete
  3. അകത്തും പുറത്തും കമ്പോളകാലം.
    സന്യാസിക്കും വേശ്യക്കും ഇടയിലുള്ള അകലം
    ഇതിനിടയില്‍ കവിതയുടെ കണ്ണുകള്‍ കാണുന്ന
    കാഴ്ചയില്‍ കരുണ?/ആസക്തി?
    അഭിനന്ദനങ്ങള്‍.

    ReplyDelete
  4. സംന്യാസിനിയുടേയും, വേശ്യയുടേയും ജീവിതങ്ങൾ ഒരുപോലെ തിളക്കമുള്ളതായി തോന്നുന്ന ദൈവം, കുടുംബിനിയുടെ ഒരു കഞ്ഞിജീവിതം- അതൊരു വീക്ഷണമാണ്, നന്നായീ!

    ReplyDelete
  5. വീട്ടു മുറ്റത്തെ കിണറ്റുവെള്ളം..

    ReplyDelete
  6. ഇവിടെ സ്ത്രീയുടെ ഇടം എന്ത് എന്ന് വ്യക്തമായി ചോദിക്കുന്നു കവിത..

    ReplyDelete
  7. ലോകരാജ്യങ്ങളിലെ കുടുംബിനികളെ
    സംഘടിക്കുവിന്‍!!!!!!!!!!!

    കുടുംബനാഥ ഉടുപ്പ് പാകമാകാത്ത
    തിരഞ്ഞെടുപ്പുകളില്ലാത്ത കുടുംബനാഥന്‍
    എന്തു ചെയ്യും???

    ഹഹഹ

    നല്ല കവിത

    ReplyDelete
  8. kollaam ..ithu orikal evideyoo vaayichu

    munp evideyo post chytho ?

    ReplyDelete
  9. രശ്മി കെ എം....ബ്ലോഗുലകത്തിലെ ഒരു തീക്ഷ്ണ രചന ......വാക്കിന്റെ മറുകര താണ്ടുക..ആശംസകള്‍

    ReplyDelete
  10. ഞാന്‍ ഈ കുറച്ച് നാളുകള്‍ക്കിടെ ബ്ലോഗില്‍ വായിച്ച ഏറ്റവും തീക്ഷ്ണമായ രചന.. എനിക്ക് കൂടുതല്‍ ഒന്നും പറയാനില്ല.. എഴുതൂ.. ഇനിയുമെഴുതൂ.. ഒട്ടേറെ എഴുതൂ എന്ന് മാത്രം പറയട്ടെ..

    ReplyDelete
  11. "നിയോഗങ്ങള്‍ രണ്ടും അപഹരിച്ചവളേ
    നീ കുടുംബിനിയായി വാഴുക...

    രണ്ടും ചേര്‍ന്നത്‌ ..ഒന്നായലിഞ്ഞത്..

    ReplyDelete
  12. വരമ്പ് വെച്ച്,
    ഞാറ്റടികള്‍ നടുന്നതും കാത്തിരിക്കുന്ന പാടം പോലെ,
    മനോഹരമായ കവിത.
    വായിച്ചില്ലായിരുന്നെങ്കില്‍ ഒരു നഷ്ടമായി പോകുമായിരുന്നു എന്ന് തോന്നിപ്പിക്കുന്ന,
    ചുരുക്കം കവിതകളില്‍ ഒന്ന്....

    ReplyDelete
  13. മനോഹരം, മനോരാജ് പറഞ്ഞത് പോലെ തീക്ഷ്ണവും.
    ഒത്തിരി ഇഷ്ടമായി.
    ആശംസകള്‍

    ReplyDelete
  14. nannaayirikkunnu... aashamsakal...

    ReplyDelete
  15. ആശയപരമായി മികച്ച് നില്‍ക്കുന്ന കവിത, നല്ല രീതിയില്‍ അവതരിപ്പിച്ചിരിക്കുന്നു.

    ആശംസകള്‍സ്..!!

    ReplyDelete
  16. ആദ്യമായാണ് കവിതയുടെ ഈ വെയിലില്‍. അടിമുടി കവിത. അങ്ങിനെ നിസ്സംശയം പറയുന്നു ഈ വരികള്‍. ജീവനില്ലാത്ത ശരീരകാമനകളില്‍ കുടുങ്ങിക്കിടന്നു ചോരവാര്‍ക്കുന്ന പെണ്ണെഴുത്തിന്റെ അനേകം തട്ടുകടകളിലൂടെ ഇതിനകം നടന്നു. ചെടിപ്പിക്കുന്ന മടുപ്പായിരുന്നു. ഈ ഇടവഴി കൊള്ളാം. കവിതക്കു മാത്രം തൊടാനാവുന്ന ചില ജൈവസ്ഥലികളെ ഇത് സ്പര്‍ശിക്കുന്നു.
    ദൈവത്തിന്റെ കടയില്‍ തൂക്കിയിട്ട നിയോഗങ്ങള്‍ അടിമുടി ചടുലം. വാക്കുകളുടെ ഈ നിയോഗം സാര്‍ഥകം. നന്‍മ.

    ReplyDelete
  17. Vakkukalkku Theekshnatha aavolamundu
    Nalla nireekshanavumundu
    Thudarnnezhuthuka ...

    ReplyDelete
  18. daishanathayulla ezuthu.very good..

    ReplyDelete
  19. സ്ത്രീയെ കുറിച്ച് തീക്ഷ്ണമായ ഒരു കവിത .....ഒത്തിരി ഇഷ്ടപ്പെട്ടു........

    ReplyDelete
  20. nalla bhaasha.padaprayogangal.

    ReplyDelete
  21. "നിയോഗങ്ങള്‍ രണ്ടും അപഹരിച്ചവളേ
    നീ കുടുംബിനിയായി വാഴുക..."

    ReplyDelete
  22. ഇഷ്ടപ്പെട്ടത് ഇതാണ്..
    നടരാജഗുരു പറയുന്നു..വേശ്യ ഒരു ഇന്ത്യൻ സന്യാസിയുടെ conterpart ആണെന്നു.. ഉപാധികളില്ലാതെ സ്നേഹിക്കാൻ കഴിയുന്നു രണ്ടാൾക്കും.....

    ReplyDelete