Saturday, April 16, 2011

തലാക്ക്


വേലിപ്പുറത്തെവിടെയോ
ചുവന്ന കുപ്പായമിട്ട് നിന്നിരുന്ന 
ഒന്നിനും പോരാത്ത വെറും ചെമ്പരത്തി.
നിന്നെ കൊതിച്ചിരുന്നില്ല
സ്വപ്നം കണ്ടിരുന്നുമില്ല 
ഒറ്റ ദിവസത്തിന്റെ ഒറ്റവിസ്മയത്തില്‍
തീര്‍ന്നു പോകാന്‍ മാത്രം പോന്ന
എന്നെ നീ...

ഉള്ളം കയ്യില്‍ പൊന്‍ നാണയം കണക്കെ
കൂട്ടിപ്പിടിക്കുമെന്നു കരുതി
ഒപ്പം പുറപ്പെട്ടവള്‍.
പ്രാണനും ആത്മാവും ഒറ്റവരിയില്‍ 
സൂക്ഷിക്കാന്‍ തന്നവള്‍
വിസമ്മതങ്ങളേക്കാള്‍
വിലപറയിക്കുന്ന നാട്യങ്ങളാണ് നല്ലതെന്ന് 
അന്ന് മുതല്‍ ആഴങ്ങളില്‍ അനുഭവിച്ചവള്‍

ആഭിചാരം ചെയ്യപ്പെട്ട കന്യകയുടെ വിഭ്രാന്തികള്‍
നിന്റെ ചതുരങ്ങളില്‍ ഒടുങ്ങിപ്പോയി.
നീ വരച്ച വഴികള്‍, പഠിപ്പിച്ച മൊഴികള്‍ 
കിടത്തിയുറക്കിയ മെത്തകള്‍ 
ഉരിഞ്ഞു മാറ്റപ്പെട്ട കുപ്പായങ്ങള്‍ 

നിന്റെ ഉച്ച്വാസങ്ങള്‍ക്ക് കൂടി 
സുഗന്ധമാണല്ലോ എന്ന് അതിശയിച്ച
എന്റെ നിഷ്ക്കളങ്കതയുടെ 
ഏറ്റവും അവസാനത്തെ അടരുകള്‍...

എന്റെ പഴക്കങ്ങളെല്ലാം 
അന്നേ പഴകിപ്പോയി.
ചുണ്ടിന്റെ നീലിച്ച നിറം പോയി.
വിയര്‍പ്പിന്റെ ശീമക്കൊന്ന മണം പോയി. 

ആത്മാവിനെ പൊരിച്ചെടുക്കുന്ന 
വേനലായിരുന്നു നീ.
സ്നേഹത്തിനു പനിച്ചപ്പോള്‍ മരുന്നുതന്നു
മരുന്നിനു പനിച്ചപ്പോള്‍ മാറിനടന്നു
വിശന്നപ്പോള്‍ ഉറക്കം നടിച്ചു
ഒറ്റയ്ക്കാക്കല്ലേയെന്ന് കേണപ്പോള്‍
ആള്‍ത്തിരക്കിലേക്ക് ഇറക്കിവിട്ടു 
ഏകാന്തതയും പരദേശികളും
ഭേദ്യം ചെയ്യുമ്പോള്‍ മാറി നിന്നു ചിരിച്ചു.

മനസ്സ്,
കൊതികളും ചിരികളുമുണ്ടായിരുന്ന ശരീരം,
അനാകുലം പുറപ്പെട്ടിരുന്ന സ്വപ്നങ്ങള്‍...
അടര്‍ന്നു പോയി,
നിന്റെ ഉഗ്രാലിംഗനങ്ങളില്‍..

മതിയെന്റെ നഗരമേ..
നിന്റെ വെള്ളിനൂല്‍‍ക്കുരുക്കുകള്‍
അഴിച്ചെടുത്ത് 
കടലിനപ്പുറത്തേക്ക്  കതകടച്ചിറങ്ങുമ്പോള്‍
തിരിഞ്ഞു നോക്കണം നിന്നെ ..
എനിക്ക്  മാത്രം പോന്ന 
നിര്‍മമതയോടെ...

18 comments:

 1. മതിയെന്‍റെ നഗരമേ..

  നല്ലൊരു പോക്കുകവിത

  ReplyDelete
 2. കടല്‍ വകഞ്ഞ് നടക്കുമ്പോഴുണ്ട്
  വല്ലാത്തൊരു ചിരിയോടെ നഗരം.
  എല്ലാ കടലിളക്കങ്ങളിലും കൂട്ടുനിന്നും
  ഒറ്റക്കാക്കി കൊഞ്ഞനം കുത്തിയും
  പണ്ടേയുള്ള ഒരവയവം പോലെ.

  ജീവിതം അടുത്തുനിന്നറിയുമ്പോള്‍
  തോന്നാവുന്ന നിര്‍മമതയുണ്ട്,
  കണ്ണാടിയിലെ പോലെ
  സ്വയം കാട്ടിത്തരുന്ന ചുറ്റുപാടിനോടുള്ള
  വിട്ടുമാറാത്ത കൊതിയുണ്ട്
  ജീവിതാസക്തിയുണ്ട് ഈ വരികളില്‍.
  നല്ല കവിത.

  ReplyDelete
 3. നല്ല കവിത രശ്മീ, നഗരത്തെ തലാക്ക് ചൊല്ലിയോ, നിർമമത നല്ലൊരാഗ്രഹമാണ്.

  ReplyDelete
 4. ശ്രീനാഥന്‍, ഇങ്ങോട്ട് തലാക്ക് പറയും മുന്‍പേ അങ്ങോട്ട്‌ പറയാന്‍ ഒരു കൊതി...അതുകൊണ്ട് പറഞ്ഞു

  ReplyDelete
 5. എന്തായാലും ഒന്നിനും പോരാത്ത വെറും ചെമ്പരത്തിയായിട്ടല്ലല്ലോ തിരിച്ചുവരവ്...ധൈര്യമായി തലാക്ക് പറഞ്ഞുപോരൂ രശ്മി..

  ReplyDelete
 6. തിരിച്ചുപോവുകയാണോ?

  ReplyDelete
 7. അതെ...തിരിച്ചു പോകുന്നു...:)

  ReplyDelete
 8. സ്നേഹത്തിനു പനിച്ചപ്പോള്‍ മരുന്നുതന്നു
  മരുന്നിനു പനിച്ചപ്പോള്‍ മാറിനടന്നു

  മാറിനടക്കാനാമോ
  നരകങ്ങളിൽ നിന്നു്..?

  ReplyDelete
 9. കവിത നന്നായിട്ടുണ്ട്.

  ReplyDelete
 10. nannayittundu...... aashamsakal......

  ReplyDelete
 11. നഗരം ദരിദ്രം..

  കൊള്ളാം..ആശംസകള്‍സ്

  ReplyDelete
 12. നല്ല പോസ്റ്റ്‌. എനിക്ക് ഇഷ്ടപ്പെട്ടു.
  ഇനിയും ഇതുപോലുള്ള പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.
  junctionkerala.com ഒന്ന് പോയി നോക്കൂ.
  ഈ ബ്ലോഗ്‌ അവിടെ ലിസ്റ്റ് ചെയ്തിട്ടില്ല എന്ന് തോന്നുന്നു.

  ReplyDelete
 13. നഗരത്തോടു നിര്‍മമത
  ഈ കവിതയോടു അതിമമത

  ReplyDelete
 14. സന്തോഷം
  നീ ഒട്ടും മാറിയിട്ടില്ല
  -പ്രിയസുഹൃത്ത്

  ReplyDelete
 15. എന്താണ് ഒന്നും എഴുതാത്തത്?

  ReplyDelete
 16. തലയ്ക്കു ചൊല്ലിപ്പോയിട്ടു ഒന്ന് തിരിഞ്ഞു പോലും നോക്കുന്നില്ലേ..?

  ReplyDelete