Labels

Friday, July 4, 2014

ശരീരമേ ശരീരമേ...

വിഴുപ്പായി മാറിയ ശരീരം
ഇങ്ങനെ അലക്കാന്‍ തുടങ്ങി.

ഋജുവായ മുഴക്കോലിനാൽ 
ജീവിതം വരഞ്ഞിട്ടവളേ  
നിന്റെ എഞ്ചുവടിക്കണക്കിൽ 
സത്യമായവയെത്ര?

കാണും വഴിയേ പോയിരുന്നെങ്കില്‍
വന്യവും ഭീതിദവുമായ സാധ്യതകളിൽ 
കൂലം കുത്തിത്തകർന്ന് 
കാട്ടുപഴങ്ങൾ നുകർന്ന് 
മുള്ളുകളും കല്ലുകളും മേടി
എന്നും  മുന കൂര്‍ത്തിരുന്നേനെ.
കൈത മണത്തേനെ 
കാട്ടുജലനാഭികൾ ഉന്മത്തമാക്കിയേനെ
പകരം
വീര്‍ത്തുമടങ്ങിയ കൊഴുപ്പിന്‍ കൂടിനുള്ളില്‍
 മൃതശ്വാസം ചെയ്യുന്നു.

നക്ഷത്രങ്ങള്‍ക്കു കീഴെ കിടന്നേനെ.
മഴയും മിന്നലും മത്സരിച്ചുമ്മ വച്ചേനെ 
കാറ്റിൽ പറപറന്നേനെ 
വേര്‍പ്പാറ്റാന്‍ ചാരിയിരുന്നാൽ കൂടി 
ഉറങ്ങിപ്പോയേനെ.
ഇപ്പോഴിതാ 
കണ്ണടച്ചും കര്‍ട്ടനിട്ടും വരിച്ച
സാങ്കല്‍പ്പിക രാവുകളിൽ 
മുക്രയിടുന്ന യന്ത്രപാരവശ്യങ്ങളെ
ചെവിയടച്ചാട്ടിപ്പായിച്ച്
ഉറക്കമേ ഉറക്കമേയെന്നു ധ്യാനിക്കുന്നു.

വെണ്‍പൂ വിരിയിക്കുന്ന രാത്രികള്‍
പായല്‍മണമുള്ള നട്ടുച്ചകള്‍
പുല്‍ച്ചെടികള്‍ പൂഴിപ്പരപ്പുകള്‍
മരച്ചുവടുകള്‍, പാറയിടുക്കുകള്‍,
പുഴ, മഴ
എവിടെയും ജീവിച്ചിരുന്നേനെ. 
പ്രണയം തോന്നുന്നവരെ മാത്രം
ഇണയാക്കിയേനെ
ഹാ. ഒരേ മുറിച്ചുവരുകൾക്കുള്ളിൽ 
വീണുപോകുന്ന ഉറക്കത്തില്‍നിന്നു
വിളിച്ചുവരുത്തുന്ന വികാരങ്ങൾക്ക് 
എന്നും ഒരേ സോപ്പ് മണം

പെറ്റും പാലൂട്ടിയും നിറച്ചേനെ
എന്റെ മക്കളേ...യെന്നു കരയുമ്പോള്‍
എണ്ണമില്ലാത്ത കുഞ്ഞിക്കയ്യുകള്‍
വന്നു പൊതിഞ്ഞേനെ....
തരിശുകിടന്ന ഗര്‍ഭപാത്രം വരെ 
ഇപ്പോൾ കണക്കു തെറ്റിക്കാൻ തുടങ്ങുന്നു

കക്കൂസ് പോലെ 
വിസര്‍ജ്ജ്യങ്ങള്‍  മാത്രം ഏറ്റുവാങ്ങിയ
പരിഭാഷകള്‍ മാത്രം വായിച്ച 
മനശ്ശാസ്ത്രം
ആലോചിച്ചു തല കുടയുമ്പോൾ 
രതിജന്യവും അല്ലാത്തവയുമായ
ആസക്തികളുടെ പൊരിച്ചിലിലേക്ക്
വെള്ളം വെള്ളം എന്നു ശരീരം പിറുപിറുക്കുന്നു.
ശരീരമേ ശരീരമേ എന്നു മനസ്സു വാവിടുന്നു.