Labels

Tuesday, September 7, 2010

കഥാസാരം

ദൈവത്തിന്റെ കടയില്‍
മുന്‍വിധികള്‍ വില്‍ക്കാന്‍ വച്ചിരിക്കുന്നെന്നു കേട്ടു.
വാങ്ങാന്‍ ചെന്നപ്പോള്‍
രണ്ടെണ്ണം മാത്രം ബാക്കി.


"ഇഷ്ടമുള്ളതെടുക്കാം“ ദൈവം കണ്ണിറുക്കി.


രണ്ടും അനാകര്‍ഷകം
വിരക്തം.അവ്യക്തം.
ഞാന്‍ രണ്ടുമെടുത്തു.


ഒന്നാമത്തേത് ഒരു യോഗിനിയുടേതുപോലെ.
നിസ്സംഗമായ തലക്കെട്ട്
നിറഭേദങ്ങളില്ലാത്ത
പകര്‍ത്തെഴുത്തുപോലുള്ള ദിവസങ്ങള്‍
അരക്കെട്ടു വരെ മുഴുസ്വാതന്ത്ര്യം
കാലില്‍ അദൃശ്യമായ ചങ്ങലക്കിലുക്കം
ഒറ്റജാലകത്തിന്റെ ഫ്രെയിമില്‍ ലോകം ചുരുണ്ടുകിടന്നു
ആരാധിക്കാന്‍,
അമാനുഷികരും പെണ്‍ഛായയുള്ളവരുമ‍ായ
നായകന്മാരുടെ പടങ്ങള്‍
മഞ്ഞത്തയമ്പിന്റെ തൊപ്പികളണിഞ്ഞ
വിരസങ്ങളായ പകലുകള്‍
അടിവസ്ത്രങ്ങള്‍
ശരീരമാര്‍ദ്ദവങ്ങളോടു യുദ്ധത്തിലായിരുന്നു
കഴുത്തു ഞെരിച്ചുകൊന്ന
ഒരു കടല്‍പ്പെരുപ്പം
ആത്മാവില്‍ ഇരമ്പിക്കൊണ്ടേയിരുന്നു


"ദൈവമേ, ഹോ, വേണ്ട"
ഞാന്‍ രണ്ടാമത്തെ പൊതിയഴിച്ചു


അതു വേശ്യയുടേതായിരുന്നു
അക്ഷരങ്ങളിന്മേല്‍ അമര്‍ന്നു കിടക്കുന്ന ഇരുട്ട്.
ചെടിപ്പിന്റെ ഛര്‍ദ്ദില്‍ കെട്ടു പൊട്ടിക്കുമെന്ന്
അഴിച്ചിട്ട സുഗന്ധങ്ങള്‍ എപ്പോഴും ഭയപ്പെട്ടു
സ്വതന്ത്രമായ കാലുകള്‍.
മുടി തൊട്ടു തുടവരെ
വേര്‍തിരിക്കാനാകാത്ത സ്രവഗന്ധങ്ങളുടെ തിരക്ക്.
കടുത്ത പുറംതോടിനുള്ളില്‍
തടഞ്ഞുവീഴുന്ന ദീര്‍ഘശ്വാസങ്ങള്‍.
ഒറ്റജാലകവും നക്ഷത്രങ്ങളും ഉണ്ടായിരുന്നു
കറുപ്പും വെളുപ്പും കൈകള്‍ നീട്ടി
തണുത്ത നഗ്നതയില്‍ ചിത്രം വരയ്ക്കുന്ന ചന്ദ്രന്‍
കാമുകനും കാവല്‍ക്കാരനുമായിരുന്നു
ഓര്‍മ്മയും ഉന്മാ‍ദവും
മുഷിഞ്ഞ തുണികള്‍ക്കിടയില്‍
മരിച്ചു കിടപ്പുണ്ടായിരുന്നു


ഞാന്‍ കോപത്തോടെ
ദൈവത്തെ കാണാന്‍ തിരിച്ചു നടന്നു


ഒരു കുറിപ്പെഴുതിവച്ചു അയാള്‍ സ്ഥലം വിട്ടിരുന്നു


"നിയോഗങ്ങള്‍ രണ്ടും അപഹരിച്ചവളേ
നീ കുടുംബിനിയായി വാഴുക..."

Tuesday, June 15, 2010

ഇര


എനിക്കും ഒരു ഇരയുണ്ട്. 
എന്റെ കനികള്‍ തിന്നു തീര്‍ത്ത് 
മിഴിപാതി കൂമ്പി 
സുഖാലസ്യത്താല്‍ ഉറങ്ങാന്‍ കിടക്കുന്ന ഒരിര.

ഞാന്‍ അതിനെ ഉണരാന്‍ വിടുകയില്ല. 
സ്വപ്നങ്ങളുടെ വിസ്മയപ്പടിയില്‍ നില്‍ക്കുമ്പോള്‍
ഞാന്‍ അതിന്റെ തുടകള്‍ വിടര്‍ത്തും.
മാംസമോ ചോരയോ എന്ന് 
കാമനകള്‍ ശങ്കിക്കുമ്പോള്‍ 
നോവിക്കൂ, പ്രാണന്‍ പിടപ്പിക്കൂ എന്ന് 
മനസ്സു കുതിക്കും.
തലയില്‍ നിന്നോ പാദാഗ്രത്തില്‍നിന്നോ എന്ന് സംശയിക്കുമ്പോള്‍ 
കൊയ്യാന്‍ പാകമൊത്ത ഇളവയര്‍ തുടിച്ചുവെളിപ്പെടും.
അതിന്റെ ചുടുമണം എന്നെ മദിപ്പിക്കുകയില്ല . 
മുഖത്തു ബാക്കിവച്ച ചിരികള്‍ വിഭ്രമിപ്പിക്കുകയില്ല. 
പറിച്ചെടുക്കാന്‍ പാകമായ പഴം പോലെ 
പ്രാണന്‍ മാത്രം എന്നെ കൊതിപ്പിക്കും. 
ഭയത്താല്‍ അസുന്ദരമായ മുഖം
എന്നെ സന്തോഷിപ്പിക്കും. 

വിരണ്ടുപോയ കൃഷ്ണമണികളെ വേണം 
എനിക്കു ചൂഴ്ന്നെടുക്കാന്‍. 
വീണുയാചിക്കുന്ന ശിരസ്സിനെ വേണം 
എനിക്ക് അരിഞ്ഞുമാറ്റാന്‍. 
ഇര പക്ഷേ, ശാന്തമായി ഉറങ്ങുന്നു.

എന്റെ എലിക്കെണികള്‍ ഈ ഇരയ്ക്ക് പാകമാകുമോ.. 
വിഷം ചേര്‍ത്ത ഉരുളകള്‍ക്കു വീര്യം തികയുമോ..
ഇരയെ ചോദ്യം ചെയ്ത് ഉഷ്ണിച്ച രാത്രി 
ചുറ്റും കത്തി നില്‍ക്കുന്നു. . 
ഇര സ്വസ്ഥമായി ഉറങ്ങിക്കൊണ്ടേയിരിക്കുന്നു.
പ്രതാപിയായ ഇരയ്ക്കു കാവല്‍ നിന്നുനിന്ന് 
എനിക്കു മൂര്‍ച്ഛിക്കുന്നു...

Saturday, March 27, 2010

ഉറക്കത്തില്‍ മരിച്ച ആള്‍


ഉണര്‍ന്നു‍പോയി..
ഉടലില്‍‍ മിന്നലിന്‍‍ പെരുക്കം.

പുലരാറായോ?
ഇരുളിന്‍ മുടിച്ചുരുളിഴഞ്ഞുനില്‍ക്കുന്നു
കുതിര്‍ന്നുപോയ് ദേഹം
വിടുവിച്ചകലുവാന്‍ കുതറുന്ന ശ്വാസം

അരികിലുള്ളവള്‍ പാതിയുറക്കത്തില്‍
വെറുതേ മൂളി‍, കൈതൊടാനായില്ല.
കഫമായിരപ്പിച്ച വാക്കുകളോരോന്നും
വിഫലം, തൊണ്ടയില്‍‍ മുള്ളുപോലുറയുന്നു.

വിറയലോടെങ്ങും കണ്‍മിഴിക്കുമ്പോള്‍
ഇരുളില്‍ തിളങ്ങുന്നു കനല്‍ പോലെയമ്മിണി.
കയറിന്‍ കുരുക്കില്‍ കഴുവേറ്റിടും മുന്‍പേ
ഉയിര്‍വിട്ടുപോയവള്‍.
നനവും നഖക്കോറലും, വലിച്ചിഴച്ചപ്പോള്‍
പൊളിഞ്ഞകുപ്പായക്കീറലുമതേപടി.
ഉലഞ്ഞമുടി ചീറ്റി പുലഭ്യം പറയുന്നു
ഉടയും പിഞ്ഞാണംപോല്‍‍ കിലുങ്ങിച്ചിരിക്കുന്നു.

കരുണ കാട്ടണേയമ്മിണീ--യെന്ന്
കെറുവുകാട്ടുന്ന ശ്വാസങ്ങള്‍ പാളി.

തലയരികത്തു കൈതൊടാദൂരത്തില്‍
പഴയ മൊന്തയില്‍‍ വെള്ളം ചിരിക്കുന്നു
സുഖമരണപ്പെട്ട നാള്‍‍മുതല്‍ക്കെത്രയോ
പ്രിയമോടോര്‍ത്തതാണമ്മയെപ്പോലെ
ഉണര്‍വ്വിലല്ലാതെ, നോവാതെതീരുവാന്‍.
ചിതയടുക്കിയ നേരം നിഴല്‍‍ പോലെ
വെറുതേ കണ്ടപോലോര്‍മ്മ -
വിറകുപോല്‍‍ കാഞ്ഞ ദേഹം
നീലിച്ച ചുണ്ടുകള്‍.

സമയമേറെയായ്, ഇരുളിലും കൈനീട്ടി
വിരല്‍ തൊടാറുള്ളവള്‍‍ മാത്രം
ഉണരുന്നില്ലല്ലോ.
പറയുവാനെത്ര ബാക്കി
പതിവുവിട്ടുള്ള കാര്യങ്ങള്‍‍‍.

പുലരുന്നില്ലല്ലോ...
അവള്‍മാത്രമുണരുന്നില്ലല്ലോ.

Tuesday, January 19, 2010

അനാമി

ആകാശം വന്നു തലയ്ക്കടിച്ചപ്പോള്‍
കാല്‍ക്കീഴില്‍ ഭൂമി വഴുതിക്കളിച്ചപ്പോള്‍
ചുടുകാറ്റിന്റെ തിരയിളക്കത്തില്‍ മുങ്ങിപ്പോയപ്പോള്‍
എന്തെല്ലാമോ ചെയ്യണമെന്നു വിചാരിച്ചു.
ഒന്നും സംഭവിച്ചില്ല.
ഉണക്കുവീണു തുടങ്ങിയ കണ്ണുകളില്‍
വീണ്ടും നീരു പൊടിഞ്ഞു.
അത്രമാത്രം.

ഇരുട്ടിലേക്കു വീണുപോയ അവകളെ
കണ്ടവരോ അറിഞ്ഞവരോ ഇല്ല.
പുറന്തള്ളിയ കണ്ണുകള്‍ക്കും വേണ്ട.
ഏറ്റുവാങ്ങാന്‍ ആളില്ലാതെ
ഒഴുക്കിന്റെ തുടര്‍ച്ചപോലും നഷ്ടപ്പെട്ട്
ചിതറിവീണു മരിച്ചു.

അതിന്റെ ചൂടേറ്റ് ഇരുട്ടിനു പൊള്ളിയിട്ടുണ്ടാകുമോ...
നനവു ഭൂമിയില്‍ പ്രളയമുണ്ടാക്കിയിട്ടുണ്ടാകുമോ...
ആവിയാക്കാനാകാതെ സൂര്യന്‍ വിയര്‍ത്തിട്ടുണ്ടാകുമോ...
ഉപ്പുപാറകളുടെ പര്‍വ്വതം കയറുവാന്‍
ആരോഹകര്‍ പുറപ്പെട്ടിട്ടുണ്ടാകുമോ...
അതിന്റെ ഭാരത്താല്‍ വിറച്ച്
ഭൌമാന്തരത്തില്‍ വിള്ളലുകളുണ്ടായത്
റിക്ടര്‍ മെഷീനുകള്‍ മണത്തറിഞ്ഞിട്ടുണ്ടാകുമോ...

ഉണ്ടാകാതിരിക്കില്ല.
പ്രപഞ്ചപഠനങ്ങളുടെ പ്രബന്ധവരികളില്‍
എവിടെയെങ്കിലും ആരെങ്കിലും
അവയെ എഴുതി വയ്ക്കും.
സുനാമി പോലെ ഭംഗിയുള്ള ഒരു പേര്
പതിച്ചു കൊടുക്കും.

***

Sunday, January 10, 2010

സ്വപ്നവ്യൂഹം

സ്വപ്നങ്ങളാവാം.
തായ്‌വേരുണങ്ങിയ പാഴ്മരം
വീണുപോയ്, തോന്നലാവാം.
നീളനുറക്കത്തില്‍ ദിക്കുകള്‍ ബന്ധിച്ചു
തോല്‍പ്പന്തുതട്ടി രസിക്കയാവാം

കണ്മുന്നിലെല്ലാം മലം
നൂല്‍മറയില്ലാതെ ചൂളുന്ന നഗ്നത
കാല്‍ വിരല്‍ ചുംബിച്ച കാമുകന്‍
പാദം പുണര്‍ന്നുപായുന്ന സര്‍പ്പം
ഉള്‍വയറ്റിന്‍ നീര്‍ന്നുരസ്പന്ദനം
ചുറ്റിപ്പിഴുത നീണ്ട ചുരുള്‍മുടി
ചോര കൊഴുത്ത വിരലുകള്‍
ആള്‍ത്തിമിര്‍പ്പില്‍ കൈവിട്ട കുഞ്ഞ്
ഓടിച്ചിഴയ്ക്കുന്ന ഭൂതങ്ങള്‍

സ്വപ്നങ്ങളാവാം.

ചിറ്റമൃതും കീഴാര്‍നെല്ലിയുമേറ്റി
സൈക്കിളിലച്ഛന്‍.
എത്രനാളായൊന്നു കണ്ടിട്ട്!
കെട്ടിപ്പിടിച്ചപ്പോള്‍
ഉരസി മുള്ളന്‍ താടി,
ഉടലില്‍ തൈലഗന്ധം, അതേ ചൂട്.
കാലില്‍ നീരുണ്ടോ?
ഞെട്ടിത്തിരയുമ്പോള്‍,
മുറ്റത്തു വള്ളിപ്പാല,
വെളുത്ത ശംഖുപുഷ്പം.

പ്രണയമേയില്ലെന്ന്
ജന്മം കുടയായെടുത്തവന്‍
പ്രളയമായ്നിന്നിട്ടും
കരളുരുകാത്തവന്‍
കുഞ്ഞുമോനൊന്നിച്ചു പോകണം.
ശ്വാസം കുരുങ്ങുമ്പോള്‍
നോവുമോ പൊന്നിന്?
മീനുകള്‍ ചൂടോടെ തിന്നുമോ
പൂന്തളിര്‍ മേനി?

അയ്യോ, ഒന്നുണര്‍ന്നെങ്കില്‍...

പ്രിയോര്‍മാങ്ങകള്‍ വീഴാന്‍
ഉച്ചവെയിലിനോടൊപ്പം
തിണ്ണയില്‍ കാത്തുകിടന്നേയുള്ളൂ.
പീഞ്ഞാറി പാറിച്ച കാറ്റ്
കൊന്നമേല്‍ കൈവച്ചതേയുള്ളൂ.
റാട്ടുപുരയിലെ പെണ്ണുങ്ങള്‍
ഉച്ചത്തിലിപ്പോള്‍ ചിരിച്ചേയുള്ളൂ.
ചൂടന്‍ കിഴങ്ങിന്‍ മണവുമായ്
അമ്മവന്നിപ്പോഴുണര്‍ത്തും.
കാപ്പിയൂതുമ്പോള്‍ ചോദിക്കണം,
ഒരിലഞ്ഞിമാല ശ്രീമുരുകനിട്ടാല്‍
തീരുമോ, ഈ സ്വപ്നതാണ്ഡവം.

****

Friday, January 1, 2010

നിലവിളിക്കുന്ന ഒരു...

ഇനി,
എന്റെ മനസ്സ്
നിനക്കായി വെളിപ്പെടുകയില്ല.
ഒരു ഇരുള്‍ക്കാടിന്റെ
കറുപ്പുമാത്രം നീ കാണും.
കാട്ടുമൃഗത്തിന്റെ മുരള്‍ച്ച.
നിഗൂഢതയുടെ കനപ്പ്.
അപ്രാപ്യത.
അത്രമാത്രം.

എന്റെ ഹൃദയത്തില്‍
ഞാവലുകള്‍ പൂവിടും.
നിലാവിന്റെ വെണ്‍കുടയ്ക്കു കീഴില്‍
രാപ്പക്ഷികള്‍ പാട്ടുപാടും.
മേടുകളില്‍ മാനുകള്‍ ഓടിക്കളിക്കും
പ്രണയത്തിന്റേതുമാത്രമായ ഒരു ഗന്ധം
അവയിലെല്ലാം തുടിച്ചു നില്‍ക്കും.

എന്റെ ഒറ്റനിലമാളികയില്‍
നിന്നെക്കുറിച്ചുള്ള ഓര്‍മ്മകള്‍
തിക്കിത്തിരക്കി നില്‍ക്കും.
ഓരോ അണുവും
നിന്നെക്കാത്തുനിന്ന്
മോഹിച്ചു വീര്‍പ്പുമുട്ടും.

നീ അതൊന്നും അറിയുകയില്ല.
കുളിരരിക്കാന്‍ തുടങ്ങുന്ന ഒരു കനല്‍
എന്റെ നെഞ്ചിലുണ്ടെന്ന്
നിനക്കോര്‍മ്മ വരികയില്ല
നിന്നെ ഘോഷിക്കാനുള്ള
ഉത്സവത്തിന്
നീ വന്നെത്തുകയുമില്ല.

പിറ്റേപ്പുലര്‍ച്ചയില്‍
മിണ്ടാട്ടമില്ലാത്ത മണല്‍പ്പരപ്പില്‍
മഴ നനച്ചിട്ട കാവടിപ്പൂവുകള്‍
എന്തിന്റെ ബാക്കിയെന്നു
നീ വിസ്മയിക്കും.
ഏതെടുത്താലും പത്തു രൂപയുള്ള
വാണിഭശാലകളില്‍
ചുറ്റിത്തിരയുന്ന നിന്നെ കണ്ട്
ദൈവം പൊട്ടിച്ചിരിക്കും.

***