Labels

Sunday, November 22, 2009

നൂല്‍ബന്ധം

ഒക്കത്തും വിരല്‍ത്തുമ്പിലും
ഓരോ കിടാങ്ങളുമായി
കൂട്ടുകാരി വന്നു.

കുട്ടിക്കാലം പങ്കുവച്ചവള്‍
ഒരു കയ്യാല്‍ ചര്‍ക്ക തിരിച്ച്
കണ്ണും ചുണ്ടും കൂര്‍പ്പിച്ചു വച്ച്
കുഞ്ഞിലേ നൂല്‍ചുറ്റിക്കൊണ്ടിരുന്നവള്‍.

ആണ്‍പിള്ളേര്‍ ആര്‍പ്പിടുന്ന പുല്‍മൈതാനത്തില്‍
അവളോടൊപ്പം തുള്ളിച്ചാടാന്‍ പോകുന്നതിന്റെ
ഉന്മാദത്തില്‍
ഞാനും ചര്‍ക്ക തിരിച്ചു.
ഉണക്കിയ പാവുമായി
വല്യച്ഛന്‍ വീട്ടിലെത്തും മുന്‍പേ
പണി തീരില്ലേ എന്ന പേടിയായിരുന്നു അവള്‍ക്ക്.

തറിത്തട്ടിലിരുന്നപ്പോള്‍
ചവിട്ടുകോലില്‍ കാലെത്തിയ ദിവസം
അവള്‍ നെയ്ത്തുകാരിയായി.
എനിക്കു മുന്‍പേ വയസ്സറിയിച്ചു
നിറം വച്ചു.
പുഴുങ്ങിയ മരക്കിഴങ്ങും ചക്കക്കുരുവും
മിനുപ്പു കൂട്ടി.
ചീട്ടിത്തുണിയിലെ തുന്നല്‍ വേലികള്‍ക്കുള്ളില്‍
ചന്തങ്ങള്‍ തുളുമ്പി നിന്നു.
അല്പം പൊങ്ങിയ പല്ലായിരുന്നെങ്കില്‍
ചിരിക്കുമ്പോള്‍ പൂ വിടരുമായിരുന്നു എന്നു
കൊതിപ്പിച്ചു.
വിലകുറഞ്ഞ സോപ്പുമണത്തിനായി
ഞാന്‍ വിടാതെ മുട്ടിയുരുമ്മി.

കളിസ്ഥലങ്ങള്‍ കൈവിട്ടശേഷം
തറിയില്‍ മാത്രം കണ്ണുനട്ട്
അവള്‍ സംസാരിച്ചു.
ഊടും പാവും ഇണ ചേര്‍പ്പിച്ചു.
ഉടക്കുകള്‍ പറഞ്ഞുതീര്‍ത്തു
പഴന്തുണികളുടുത്ത് കസവുപുടവകള്‍ പണിതു.
എനിക്ക് ആദ്യം കിട്ടിയ പ്രേമലേഖനം വായിച്ച്
നൂല്‍ക്കുട്ടയില്‍ വീണുകിടന്നു ചിരിച്ചു.

കല്യാണം ചെയ്തവന്‍
കല്‍പ്പണിക്കാരനായതിനാലാവാം
അവളുടെ നെഞ്ച്
നെയ്ത്തുതാളങ്ങള്‍ മറന്നു.
ഞാന്‍ അവളേയും.

ഒക്കത്തും വിരല്‍ത്തുമ്പിലും
കിടാങ്ങളുമായി
വന്നു, എന്റെ കൂട്ടുകാരി.
ഇത്തള്‍ മഞ്ഞപ്പിച്ച പല്ലുകള്‍
കീഴ്ചുണ്ടില്‍ തറഞ്ഞുനില്‍ക്കുന്നു.
കൈകളില്‍
തറിപ്പണിയേക്കാള്‍ തഴമ്പ്.
വിണ്ട പാദങ്ങള്‍ നീട്ടി
അവള്‍ നിലത്തിരുന്നു.

അവളുടെ വിയര്‍പ്പിലും വായ്നാറ്റത്തിലും
എന്റെ മുഖം ചുളിഞ്ഞോ...
മൂക്കിള ചാടിയ കുട്ടികള്‍ക്കൊപ്പം
എന്റെ മകള്‍ ഓടിക്കളിച്ചപ്പോള്‍
നെഞ്ചിടിച്ചത് അവള്‍ കേട്ടിരിക്കുമോ?

***

Friday, November 13, 2009

ഒറ്റാല്‍

ഈ നാട്ടില്‍ ഞാന്‍ ആദ്യമാണ്.
കേട്ടിട്ടില്ലാത്ത ഭാഷ.
കണ്ടിട്ടില്ലാത്ത ജീവജാലങ്ങള്‍.
ഓരോന്നും വേറേ മണക്കുന്ന ഇടം.

വഴികള്‍
മൃദുവും നിരപ്പുള്ളവയുമായി തോന്നിച്ചു.
വഴുക്കിവീഴ്ത്തുന്ന ഇടങ്ങള്‍
വിദഗ്ധമായി ഒളിച്ചിരുന്നു.

വഴികാട്ടിയായത്
കുട്ടികളെപ്പോലെ തോന്നിച്ച ഒരാള്‍.
പുറം തിരിഞ്ഞപ്പോള്‍ കഠാര.

ചൂണ്ടുപലകകളുടെ കൃത്യത
എല്ലായ്പ്പോഴും വഴിപിഴപ്പിച്ചു.
തൊട്ടുനില്‍ക്കുന്നു എന്നു തോന്നിപ്പിച്ചവ
വിരല്‍ നീട്ടും മുന്‍പു മാഞ്ഞു പോയി.

സൂര്യന്‍ ദിശ മാറി ഉദിച്ചു
കാറ്റ് താഴേയ്ക്കു മാത്രം ഊതി.
ഉപ്പുചുവയ്ക്കുന്ന മഴകള്‍
നിര്‍ത്താതെ പെയ്തു.

കണ്ണാടിക്കൂടിനുള്ളില്‍ എല്ലാം
ഭദ്രമെന്നു തോന്നിച്ചു
സ്പര്‍ശിക്കപ്പെടാത്ത പ്രതിമകള്‍
വീര്‍പ്പുമുട്ടലടക്കിപ്പിടിച്ചു.

ചരിവിടങ്ങളിലേക്കു വെള്ളം
തനിയേ ആവേശിക്കപ്പെടുമെന്ന
സയന്‍സു പഠിച്ച പുഴമീന്‍
കടലൊച്ച കേട്ടു നടുങ്ങി.

കാണുന്നതൊന്നും
തിരിച്ചറിയാനാകുന്നില്ല.
കാണാനരുതാത്തവ
കരള്‍ തുരന്നു ചിരിക്കുന്നു.
ചിലപ്പോള്‍ ഇറുകിപ്പിടിച്ചും
അല്ലാത്തപ്പോള്‍ അയഞ്ഞുതൂങ്ങിയും
അപാകത്തിലായിരിക്കുന്ന ഇവിടം
എനിക്കു പിടിക്കുന്നേയില്ല.

എപ്പോഴോ മഴ നിലച്ചപ്പോള്‍
ഉണക്കപ്പുല്ലുകളെ തീ നക്കിത്തിന്നു.
ഓരോ യാത്രകളേയും
പുറപ്പെടും മുന്‍പേ ഞെക്കിക്കൊല്ലാനായിരുന്നെങ്കിലെന്ന്
കാലു വെന്ത നായ
ഓടിനടന്നു വിഭ്രമിച്ചു.

എന്തായാലും, ഒടുവില്‍ കിട്ടി.
ശ്വാസക്കുഴലിനോടൊപ്പം
ആത്മഹത്യ ചെയ്യാതെ പോയതിന്
ഒരു ഷോക്കോസ് നോട്ടീസ്.

****

Sunday, November 8, 2009

കുളവാഴകള്‍

നാട്ടിലെ പുരയിടത്തിലെ രണ്ടുനില വീട്
നഗരത്തിലെ ഒറ്റമുറിഫ്ലാറ്റിന്റെ
നിവര്‍ത്തിവച്ച സ്വപ്നമാണ്.
അതിന്റെ അകത്തളങ്ങളിണക്കാന്‍
വഴുക്കലും മിനുക്കവുമുള്ള
ടൈലുകള്‍ പണിയാന്‍ വന്നത്
വരാപ്പുഴക്കാരന്‍ ഒരു ചെറുപ്പക്കാരന്‍.
ആദ്യം കണ്ടത് അവന്റെ സ്വര്‍ണ്ണമാലയാണ്.
നെഞ്ചിലൂടൊഴുകുന്ന വിയര്‍പ്പിനെ
അതങ്ങനെ തുരുതുരാ ഉമ്മ വച്ചുകൊണ്ടിരുന്നു.

മെയ്പ്പണിയും കൈപ്പണിയും നോക്കി
കണ്ണെടുക്കാതെ നില്‍ക്കുമ്പോള്‍
അവന്‍ തലയുയര്‍ത്തിച്ചിരിച്ചു.
ഇവന്റെ ചിരി കുട്ടികളുടേതാണല്ലോയെന്ന്
എനിക്കു വെറുതേ ദേഷ്യം തോന്നി.
കുറേക്കൂടി പ്രായം കൂട്ടി ചിരിക്കരുതോ?
ഞാന്‍ നരവീണു തുടങ്ങുയവളും
ഇളയ കുഞ്ഞു മൂന്നില്‍ പഠിക്കുന്നവളും
ഇളകിയടര്‍ന്ന മേദസ്സുള്ളവളുമായിരിക്കേ
എന്നോടെന്തിനു കുട്ടുകളെപ്പോലെ ചിരിക്കണം?

തോര്‍ത്തുവീശി വിയര്‍പ്പുതുടച്ച്
അവന്‍ അരികില്‍ വന്നു.
“ഞാനാടോ, ജോണി, താമ്മറന്നോ?
നമ്മള് പള്ളീസ്കൂളില് ഒപ്പം പഠിച്ചതല്ലേ?”
അയ്യോ...ഞാനാകെ നാണിച്ചു പോയി.
ടൈലുകളേക്കാള്‍ തിളക്കമുള്ള അവന്റെ ദേഹത്ത്
ഞാന്‍ പിന്നെ നോക്കിയതു കൂടിയില്ല.

ഞങ്ങള്‍ രണ്ടില്‍ അടുത്തിരുന്നാണു പഠിച്ചത്.
വാപൂട്ടാതെ മിണ്ടുന്ന പെണ്‍കുട്ടികളെ
ടീച്ചര്‍ ആണ്‍കുട്ടികളുടെ ഇടയിലിരുത്തും.
അവനു ചൊറിയും ചുണങ്ങുമുണ്ടായിരുന്നു.
ഞാന്‍ തൊടാതെ അറപ്പോടെ നീങ്ങിയിരിക്കും.
അവന്‍ കുളവാഴയും മഷിത്തണ്ടും തരും.
നീലയും പിങ്കും വരയുള്ള ചോക്കു പെന്‍സിലും.
ചൊറിമണം ഞാനങ്ങു മറന്നു പോകും.

സ്കൂളിലേക്കുള്ള കുറുക്കുവഴിയിലാണ്
അവന്റെ വീട്.
മുറ്റത്തെ കൈത്തോട്ടില്‍ പച്ചയുടെ പരവതാനിയില്‍
വയലറ്റുപൂക്കള്‍ നീട്ടിപ്പിടിച്ച്
കുളവാഴകള്‍ നിറഞ്ഞു നില്‍പ്പുണ്ടാവും.
വെള്ളത്തില്‍ ഇറങ്ങിനിന്ന്
ഒരു പടര്‍പ്പിന്റെ വാലറ്റം
അവനെനിക്കു നീട്ടിത്തരും.
കുമിള പോലുള്ള അവയുടെ ഉദരങ്ങള്‍
ഞങ്ങള്‍ ചവിട്ടിപ്പൊട്ടിച്ചു രസിക്കും.

“ഞാനെട്ടാങ്ക്ലാസ്സീ നിര്‍ത്തി.
അപ്പനപ്ലയ്ക്കും മരിച്ച്.”
ജോണിക്കു ചിരിക്കാതെ സംസാരിക്കാനറിയില്ല, ഇപ്പോഴും.

“ഇന്നാള് കടവില മാഷ് ടോടെ പഠിക്കാന്‍ വരുമ്പ
ഞാന്‍ തന്നക്കണ്ട് ചിരിച്ചേര്‍ന്ന്. താങ്കണ്ടില്ലേരിക്കും...”
മാഷ് ടെയവിടെ പണയത്തിലിരിപ്പായിരുന്നു
അന്ന് എന്റെ എല്ലാ ചിരികളുമെന്ന്
ജോണിക്കറിയാന്‍ വഴിയില്ല.

മുറ്റത്തെ കൃത്രിമക്കുളത്തില്‍
താമരച്ചെടികള്‍ പൂവിട്ടു നില്‍ക്കുന്നു.

കുളവാഴകള്‍ വളര്‍ത്തിയാ‍ലോ?

***

Thursday, September 3, 2009

ക്ഷതങ്ങള്‍

തോന്നല്‍ തോന്നലിനെ പ്രസവിച്ചു.
ആശങ്കകള്‍ ആശങ്കകളെ.
പേടി പേടിയെ.
വേദനകള്‍ വേദനകളെ.
പ്രണയം മാത്രം പക്ഷേ, രീതി തെറ്റിച്ചു.
ചിലപ്പോള്‍ മച്ചിയായി.
മറ്റുചിലപ്പോള്‍ ചാപിള്ളകളെ മാത്രം പ്രസവിച്ചു.

* * * *

പതിനാറാംനിലയുടെ മുകളില്‍ നിന്നും
താഴേക്കു ചാടാമെന്നുകരുതി.
നോക്കുമ്പോള്‍
“മരണം മരണം“ എന്നെഴുതിയിരിക്കുന്നു.
എങ്കില്‍ മുകളിലേക്കു കയറാമെന്നോര്‍ത്തു.
അപ്പോള്‍ “പ്രണയം പ്രണയം” എന്നെഴുതിയിരിക്കുന്നു.
രണ്ടിനോടും ഭയമാകയാല്‍
പുറപ്പെട്ടില്ല.

* * * *

സ്നേഹിക്കുന്നുവെന്ന്
നിന്നെ ഞാന്‍ തെറ്റിദ്ധരിപ്പിക്കുന്നു.
സ്വപ്നങ്ങളില്‍ കുത്തിക്കൊല്ലുന്നു.
രഹസ്യമായി വെറുക്കുന്നു.
ഹാ, എന്തൊരു സുഖം!

Friday, August 28, 2009

ഒരു പെണ്ണിന്റെ കഥ

അങ്ങനെ അവള്‍
വ്യഭിചരിക്കാന്‍ തീരുമാനിച്ചു.

പഴയ പഞ്ഞിക്കിടക്ക കുടഞ്ഞു വിരിച്ചു.
കഴുത്തിറക്കമുള്ള ബ്ലൌസിനുള്ളില്‍
എന്തെല്ലാമോ ഒളിക്കുന്നതായി ഭാവിച്ച്
പഞ്ചായത്തു റോഡിലൂടെ നടന്നുനോക്കി.
കല്‍ച്ചീളു തട്ടി ഉപ്പൂറ്റി മുറിഞ്ഞു
ചീട്ടുകളിപ്പുരയുടെ ജനലിലൂടെ
ഭര്‍ത്താവ് ഉച്ചത്തില്‍ തെറി വിളിച്ചു.

വൈകുന്നേരം
തോട്ടിന്‍ കരയിലവള്‍
കുളിക്കാനെന്ന മട്ടില്‍ തുണിയുരിഞ്ഞു.
ഒളിഞ്ഞുനോക്കുന്ന കണ്ണുകള്‍ക്കു വേണ്ടി
മലര്‍ന്നും ചെരിഞ്ഞും നീന്തി.
കുളിച്ചു കയറുമ്പോള്‍
തവളകള്‍ കളിയാക്കിച്ചിരിച്ചു.

വിളക്കില്‍ എണ്ണ തീര്‍ന്നതിനാല്‍
രാത്രി, വീടുമുഴുവന്‍ ഇരുട്ടായിരുന്നു.
അവള്‍ക്കു അവളെത്തന്നെ കാണാന്‍ കഴിഞ്ഞില്ല.

പഞ്ഞിക്കിടക്ക തണുത്തുപോയിരുന്നു
അവള്‍ വാവിട്ടു കരഞ്ഞു.

അത്രയ്ക്കു വിശക്കുന്നുണ്ടായിരുന്നു.

Monday, August 17, 2009

ഉറക്കം

മലമുകളില്‍ നിന്ന്
നക്ഷത്രങ്ങളെ തൊടാവുന്ന
അകലത്തില്‍ നില്‍ക്കുമ്പോള്‍
എനിക്കു സ്വപ്നഭ്രംശമുണ്ടായി.

ഖനനം ചെയ്യപ്പെടാതെ
ഭൂമിയുടെ അടിമടക്കുകളില്‍
അലിഞ്ഞുകിടന്ന സ്വര്‍ണ്ണത്തരികളെപ്പോലെ,
കണ്ടെടുക്കപ്പെടാതെ
കടല്‍ഗര്‍ഭത്തില്‍ ഒളിഞ്ഞുകിടന്ന
മുത്തു പോലെ
ഞാന്‍ ഉറങ്ങിക്കിടന്നു.

ഭൂമിയില്‍ മഴ പെയ്യുന്നുണ്ടായിരുന്നു.
രാത്രികാലങ്ങളില്‍ പ്രകാശച്ചിരിയുമായി
നക്ഷത്രങ്ങള്‍ എന്നെ തിരക്കുന്നുണ്ടായിരുന്നു.
മഞ്ഞുപോലുള്ള ഒരു പക്ഷി
എന്റെ ചില്ലകള്‍ തിരഞ്ഞ്
പറന്നു തളരുന്നുണ്ടായിരുന്നു.
എന്റെ ലവണങ്ങള്‍ പതിച്ചുകിട്ടാത്തതില്‍
കാറ്റ് അസ്വസ്ഥനായിരുന്നു.

കണ്ണാടിജനലിലൂടെ കടന്നുകയറി
ഒരു പ്രകാശകിരണം
എന്നാണെന്നെ വെളിപ്പെടുത്തുക?
സൂചിമുഖികള്‍
കോളാമ്പിപ്പൂക്കളെ ഉമ്മവയ്ക്കുന്ന
വേലിപ്പടര്‍പ്പിനുള്ളില്‍
തടവിലാക്കുക?
പ്രണയത്തിന്റെ കടല്‍പ്പാട്ടു കേള്‍പ്പിച്ച്
എന്റെ നനഞ്ഞ മണലില്‍
ചിത്രം വരയ്ക്കുക?

Sunday, August 16, 2009

ആണ്‍മരം

നീ
തേന്‍ നിറമുള്ള ഒരു ഒറ്റമരമാണ്.
ഇലകള്‍ പടര്‍ന്ന് ചില്ലകളാട്ടുന്ന മരം.
നോക്കിനില്‍ക്കെയുള്ള ചാഞ്ചാട്ടങ്ങളാല്‍
എന്നെ ഭയപ്പെടുത്തുന്ന വന്‍മരം.
നിന്റെ സൂക്ഷാണുക്കളിലെല്ലാം
സ്വപ്നം പെയ്യിച്ച രേതസ്സിറ്റുനില്‍ക്കുന്നു.

നിന്റെ കനിമധുരങ്ങള്‍ നുകര്‍ന്ന്
തടിമിനുക്കത്തെ പുണര്‍ന്ന്
നിഴല്‍ത്തണുപ്പില്‍ അമര്‍ന്നുകിടക്കാന്‍
എനിക്കു കൊതിയില്ല.

പകരം

വേരുകള്‍ ചിതറിയ മണല്‍ക്കെട്ടിനുള്ളില്‍
എന്നെ കൂടി അടക്കം ചെയ്താല്‍ മതി.
എന്നിലെ ഖരവും ജലവും
നീ വലിച്ചെടുക്കുക.
നമ്മള്‍ ഒരു നിത്യാശ്ലേഷത്തില്‍ അമര്‍ന്നുകഴിയുമ്പോള്‍
കോടാലിയുമായി അവര്‍ വന്നു കൊള്ളട്ടെ.
നിന്നെ വെട്ടിനുറുക്കിക്കൊള്ളട്ടെ.

Saturday, August 15, 2009

ചര്‍മ്മരോഗങ്ങള്‍

നീളന്‍ മുടിക്കാരാ..
ഇടയ്ക്കിടെ ഇങ്ങനെ നോക്കുന്നതെന്തിന്?
ഈ മഞ്ഞളിച്ച സന്ധ്യാനേരത്ത്
ദിവ്യമായി നീ സംഭവിപ്പിക്കാന്‍ പോകുന്നതെന്തെന്ന്
എനിക്കറിയാം..

ഞാന്‍ എളുപ്പം വളയുന്നവളാണെന്ന്
എന്റെ ശരീര രസതന്ത്രം
നിന്നോടു പറയുന്നുണ്ടാവാം
ലുബ്ധില്ലാതെ ചൊരിഞ്ഞുകളയാന്‍
പ്രണയ നാട്യങ്ങളോളം വിലകുറഞ്ഞ
മറ്റെന്തുണ്ടു ഭൂമിയില്‍?

കാല്‍നഖം മുതല്‍ മുടിത്തുമ്പുവരെ
ഞാന്‍ പേറി നടക്കുന്ന രഹസ്യങ്ങള്‍
നീ കണ്ടെടുക്കും വരെ:
എന്റെ ഭൂമിശാസ്ത്രത്തില്‍
നീ കപ്പലോടിക്കും.
ആദ്യയാത്രകളില്‍ മാത്രം കാണാന്‍ കഴിയുന്ന
എന്ടെ തോട്ടത്തിലെ മാമ്പൂക്കള്‍
നിന്നെ മദിപ്പിച്ചു കൊല്ലും.
നീറുന്ന ചുനപ്പു പോലും
ലഹരി പിടിപ്പിക്കും
മടക്കയാത്രയില്‍ പക്ഷേ, നീ തിടുക്കത്തിലായിരിക്കും;
നീറുകള്‍ കൂട്ടമായി പിന്‍തുടരുന്നതു പോലെ.

എന്നാലുമെന്ത്?
ആദ്യമായി പ്രണയിക്കുന്നവനെപ്പോലെ
നിന്റെ കണ്‍നിറയെ കൌതുകം.
മോഹിപ്പിക്കുന്നവയെങ്കിലും
സ്പര്‍ശങ്ങള്‍ക്കു കുലീനതയുടെ നാട്യം.
നിന്റെ ചോരപ്പാച്ചിലിലുണ്ട്,
വിലക്കുറവിനു ഒത്തുകിട്ടിയ
കളവുമുതലിനോടുള്ള ആക്രാന്തം.

മനസ്സടച്ചിട്ട്
ശരീരത്തിന്റെ മാത്രം കവാടങ്ങളിലൂടെ
ആണിനെ പ്രവേശിപ്പിക്കുന്നവളാണു ഞാന്‍.
ഒറ്റയ്ക്കാവുമ്പോഴും ഒളിച്ചാവുമ്പോഴും മാത്രമുള്ള
ആണിന്റെ ധീരത കണ്ടു രസിച്ചിട്ടുള്ളവള്‍.
ഓരോ സ്ഖലനത്തിനു ശേഷവും
നിരായുധനായിത്തീരുന്നവനെ കണ്ട്
ചിരിയടക്കിയിട്ടുള്ളവള്‍.
രതിമുര്‍ച്ഛ പോലും
അഭിനയിച്ചു ഫലിപ്പിക്കാനറിയുന്നവള്‍.

മഴക്കാലത്തു മാത്രം കവിഞ്ഞൊഴുകുന്ന കുളം പോലെ
മഹാശുഷ്കയാണു ഞാനെന്നു
നീ കണ്ടെത്തുന്ന ദിവസത്തൊളം
ഞാന്‍ നിന്നെക്കൊണ്ടു കപടസത്യങ്ങള്‍ ഇടുവിക്കും.
നിന്നെ കരയിക്കും.
രതിയുടെ അമിട്ടുകൊട്ടാരത്തിലിട്ട്
അടിമപ്പണി ചെയ്യിക്കും.
നിന്റെ അത്താഴവും പ്രിയതമയും
വീട്ടിലിരുന്നു ആറിത്തണുക്കും.
പിന്നെ, നിന്നെ ഞാനായിത്തന്നെ ഉപേക്ഷിക്കും.

നീ എന്തറിയുന്നു, കഷ്ടം.
നിനക്കിപ്പോള്‍ ഞാന്‍
തരത്തിനു ഒത്തു കിട്ടിയ ഒരു പെണ്ണ്.
എനിക്കു നീ
എന്റെ ടെലിഫോണ്‍ പുസ്തകത്തിലെ
‘ടി’ എന്ന പേജിലെ
നാലാമത്തെ ഒരു തോമസ്.