Labels

Sunday, February 7, 2016

ഭ്രാന്ത്

ഭ്രാന്ത് 
പെരുവിരലിൽ നിന്ന് 
ഇരച്ചുകയരുന്ന ഒരു കമ്പനമാണെങ്കിൽ 
അതിന്റെ ഇരമ്പങ്ങളിൽ 
കൊടുങ്കാറ്റിന്റെ ദുസ്സൂചനകളുണ്ടെങ്കിൽ
അത് അഴിച്ചുവിടുന്ന ആയങ്ങളിൽ 
ശ്വാസം മുട്ടുന്ന തളിർത്തുമ്പുകളുണ്ടെങ്കിൽ 
അവയുടെ കവചങ്ങൾക്കുള്ളിൽ 
അടക്കം ചെയ്യപ്പെട്ട പൂമൊട്ടുകളുടെ 
ആത്മാക്കാളുണ്ടെങ്കിൽ 
ആത്മാവുകൾ കവിതയെഴുതുമെങ്കിൽ 
വരികളുടെ പുഴനീരിലൂടെ 
നീന്താൻ കഴിയുമെങ്കിൽ 
നീരിൽ പൂവൊഴുക്കുന്നതു
നീയാണെങ്കിൽ 
എനിക്ക് വേണം 
ഇത്തിരി ഭ്രാന്തിൻ നുരകളെ 

Monday, February 1, 2016

ഗന്ധങ്ങൾ


ആറുവയസ്സുകാരിയുടെ ഓർമ്മകളിൽ
എന്തെല്ലാം കൊതിമണങ്ങളാണു ഉണ്ടാവുക ?

പട്ടിണിയുടെ വറചട്ടിയിലേക്ക് 
ഖലീഫ ഉമ്മര് നീട്ടിക്കൊടുത്ത 
ഒലീവും വെണ്ണക്കട്ടിയും 

വ്ലാദിമിർ ലെനിനെ 
ആദ്യമായി പരിചയപ്പെടുത്തിയ 
ബ്ലാക്ക് ആൻഡ് വൈറ്റ് പടത്തിനു താഴെ കണ്ട 
ഉണക്ക റൊട്ടി, ചുട്ട ഇറച്ചി. 

റഷ്യൻ കഥകളുടെ വർണ്ണപുസ്തകങ്ങളിൽ 
വിസ്മയം പോലെ വീണു കിടന്നിരുന്ന 
വാല്യ, കോല്യ എന്നീ പേരുള്ളവർ മാത്രം 
പറിച്ചെടുത്ത് ഭക്ഷിച്ചിരുന്ന 
റാസ്ബെറി-സ്ട്രോബെറി-പ്പഴങ്ങൾ  

അതിനും മുകളിൽ
നാലുമണിനേരത്തെ വിശപ്പിൻതീയിലിടാൻ 
സ്കൂൾ വിട്ടു വരുമ്പോൾ 
അമ്മ വാങ്ങിത്തരുമായിരുന്ന 
കമലാബേക്കറിയിലെ ചുടുചൂടൻ റൊട്ടി. 
ബസ്സിനകത്തെ അടുക്കിയ വിയർപ്പിൻവാടകളിലും 
വഴിയുടെ ഓരം പിടിച്ച നടപ്പിലും 
തുരുമ്പിച്ച വാതിൽപ്പൂട്ടു തുറക്കാൻ 
അമ്മയെടുക്കുന്ന കാലതാമസത്തിലും 
നൂലിട്ടു പൊതിഞ്ഞ കടലാസു പൊതിയിൽ നിന്നും 
കോരിക്കുടിച്ച മണം, ചൂട്.
പിന്നീട് 
മാമംഗലത്തെ റൊട്ടിക്കമ്പനിയിൽ 
ഒരുമിച്ചു മൊരിഞ്ഞു ദേശം  മണപ്പിച്ച 
ലക്ഷം റൊട്ടികൾക്കും 
തോല്പ്പിക്കാൻ പറ്റാതെ പോയത് 
§   

Sunday, January 17, 2016

പറയാൻ മറന്ന...

നിന്റെയീ തിരക്കിന്നും തീർന്നില്ലല്ലോ 
മുളകരച്ചും മീനുരച്ചും തേഞ്ഞ നഖങ്ങൾ
വിരലുകൾക്കെന്തു കടുപ്പം, കൈത്തണ്ടയിൽ
പിണഞ്ഞു പിടയുന്ന നീല ഞരമ്പുകൾ

എനിക്കൊരു ചായ..? ഞാൻ തന്നെയെടുത്തോളാം
നിനക്കുമൊന്നാവാം, കൊറിക്കാനായെന്തുണ്ട്
അടുപ്പിൻതിണ്ണയിലിരിക്കാം ഞാൻ, നീ
അഴുക്കു പാത്രങ്ങളൊതുക്കിത്തീരും വരെ

ഉച്ചയൂണ്‍നേരം ഓർമ്മിച്ചു നിന്നെ
മുളകുമൊരിച്ചിട്ട കടച്ചക്ക കേമം
മാമ്പഴക്കറിക്കിന്നും കണ്ണുവച്ചു സുധീർ

പുതിയ മാതൃഭൂമി ബാഗിലിരിപ്പുണ്ട്
ഒരു കഥ കൊള്ളാം, വായിച്ചു പറയണം
നമ്മുടെ ടാഗോറിൽ ഇന്നലെ പടം മാറി
ഒന്നിച്ചു പോകാം, ഒഴിവുനാളെത്തട്ടെ

ഇന്നിനിയെന്താ പണി, നാളേയ്ക്കുള്ള
പയറൊടിക്കാൻ ഞാനിരിക്കാം കൂടെ
ഇക്കുറി വോട്ടു നീയാർക്കു ചെയ്യും ?
ഇത്തിരി തർക്കിച്ചാലോ നിന്റെ പാർട്ടിക്കാര്യം

നിന്റെ ഉടുപ്പാകെ മങ്ങി, കീറലും വീണു
എന്തിനീ പഴന്തുന്നൽ ? വേറെ വാങ്ങാം
ചുമ വിട്ടില്ലല്ലോ ? മരുന്ന് തീര്ന്ന കാര്യം
പറയണ്ടേ ഞാൻ പോകാനിറങ്ങുമ്പോൾ?

ഈ പഴമേത്? നമ്മളാ കുഴിച്ചിട്ട
ചെറുവാഴത്തൈ അത്ര മുതിർന്നുവോ?
അറിയുന്നില്ല, കാലവേഗം കണ്ടു
ഭയമാകുമ്പോലെ, ചിരിക്കുന്നതെന്തിന് ?

വിളിച്ചുവോ നീയമ്മയെയടുത്തെങ്ങാൻ?
നിറയ്ക്കണ്ട കണ്‍കൾ, പോയിടാമീയാഴ്ച

മോന്റെയീ ചിത്രം നോക്കൂ, നല്ല ഭംഗി
നിന്റെ വിരലാണവന്,
അല്ല, നീ പടം വരയ്ക്കുമോ?

പ്രണയമാണെനിക്കിന്നും നിന്നോട്, മുടിക്കു
പ്രിയമാമതേ ഗന്ധം, കറുപ്പ്, മിനുസവും..
അരികിൽ കിടക്കു നീ, പാദങ്ങളിലൊരു
ചെറുമന്ത്രവാദം ചെയ്തു മയക്കിടാമിപ്പോൾ
തുറക്കാം ജനാലകൾ കാറ്റിലൂടെത്തട്ടെ, നീ
നിറയെത്തിരിയിട്ട ചെമ്പകത്തീനാളങ്ങൾ

.

Sunday, December 13, 2015

പാലായനം

പൂഴിയിൽ  കാറ്റെന്തോ കുറിച്ചിട്ടു 
ഞാൻ വായിക്കും  മുൻപേ തിരിച്ചിട്ടു 
നടന്നു കയറിയ വഴികൾ 
മുൻതള്ളാനാവുമോയെന്ന് 
പറഞ്ഞുപോയ വാക്കുകൾ 
തിരിച്ചു പിടിക്കാനാവുമോയെന്ന് 
ഒറ്റയ്ക്കോർത്ത് മനസ്സിടഞ്ഞു 

തിരിച്ചു നടക്കാനാഞ്ഞപ്പോൾ
മുന്നോട്ടുന്തുന്നതെന്ത് ?
കാണേണ്ടിനിയാ 
കരൾകീറും പിൻകാഴ്ച്ചകളെന്നോ 
പിന്നിൽ മായ്ച്ചല്ലോ  വഴികൾ 

മുടി വാരി മുഖത്തിട്ടതിനു 
മുനിപ്പിച്ച് നോക്കിയപ്പോൾ 
പ്രാപിക്കാനാഞ്ഞവനെക്കൂട്ട് 
കണ്ണടപ്പിച്ച് 
ചെവിയിലൂതി ഇക്കിളിയിട്ടു 
ഇലക്കൂർപ്പുകൾകൊണ്ടുമ്മവച്ചു 
ഒരു പാലം ഇരുയാത്രകളിൽ 
ഒരു പോലെയല്ലാത്തതല്ലേ  
പ്രണയമെന്നു പൊട്ടിച്ചിരിച്ചു 

ഉറക്കമേ 
മരണത്തിന്റെ ആമുഖമേ 
ധ്യാനത്തിന്റെ മറുപുറമേ 
ചങ്ങല വലിയ്ക്കണേ 
ഈ വിചാരത്തീവണ്ടികളുടെ മരണയാത്രകൾക്ക് 
നിന്നോടെന്ന വണ്ണം 
എന്നോട് പങ്കുവച്ചതൊക്കെയും 
മടുപ്പിന്റെ പ്രാണസഞ്ചാരങ്ങളായിരുന്നല്ലോ

തിളച്ചു തൂവിയ വെയിൽ 
മണ്ണിനെ പഴുപ്പിച്ചെടുക്കുമ്പോൾ
വീണ്ടും പീലിവിരൽ നീട്ടി 
എഴുതി നിറയ്ക്കുന്നൂ വരികൾ 
വിസ് മൃതമാം  ലിപികളിൽ 
മുറ്റി നില്ക്കുന്നൂ ഗർവ്വം 

നോക്കുകയില്ല 
കലമ്പലിന്നൊച്ച കേൾക്കുകയില്ല  
ഒട്ടൊന്നു നിന്നാൽ വീണ്ടും കണ്ടെടുത്താലോ
കണ്ണിൽ സ്വപ്നങ്ങളിണചേർത്ത താരകം 
വിസ്മയിപ്പിക്കും തിളക്കങ്ങൾ 
വൈദ്യുതനാളങ്ങൾ  

Friday, July 4, 2014

ശരീരമേ ശരീരമേ...

വിഴുപ്പായി മാറിയ ശരീരം
ഇങ്ങനെ അലക്കാന്‍ തുടങ്ങി.

ഋജുവായ മുഴക്കോലിനാൽ 
ജീവിതം വരഞ്ഞിട്ടവളേ  
നിന്റെ എഞ്ചുവടിക്കണക്കിൽ 
സത്യമായവയെത്ര?

കാണും വഴിയേ പോയിരുന്നെങ്കില്‍
വന്യവും ഭീതിദവുമായ സാധ്യതകളിൽ 
കൂലം കുത്തിത്തകർന്ന് 
കാട്ടുപഴങ്ങൾ നുകർന്ന് 
മുള്ളുകളും കല്ലുകളും മേടി
എന്നും  മുന കൂര്‍ത്തിരുന്നേനെ.
കൈത മണത്തേനെ 
കാട്ടുജലനാഭികൾ ഉന്മത്തമാക്കിയേനെ
പകരം
വീര്‍ത്തുമടങ്ങിയ കൊഴുപ്പിന്‍ കൂടിനുള്ളില്‍
 മൃതശ്വാസം ചെയ്യുന്നു.

നക്ഷത്രങ്ങള്‍ക്കു കീഴെ കിടന്നേനെ.
മഴയും മിന്നലും മത്സരിച്ചുമ്മ വച്ചേനെ 
കാറ്റിൽ പറപറന്നേനെ 
വേര്‍പ്പാറ്റാന്‍ ചാരിയിരുന്നാൽ കൂടി 
ഉറങ്ങിപ്പോയേനെ.
ഇപ്പോഴിതാ 
കണ്ണടച്ചും കര്‍ട്ടനിട്ടും വരിച്ച
സാങ്കല്‍പ്പിക രാവുകളിൽ 
മുക്രയിടുന്ന യന്ത്രപാരവശ്യങ്ങളെ
ചെവിയടച്ചാട്ടിപ്പായിച്ച്
ഉറക്കമേ ഉറക്കമേയെന്നു ധ്യാനിക്കുന്നു.

വെണ്‍പൂ വിരിയിക്കുന്ന രാത്രികള്‍
പായല്‍മണമുള്ള നട്ടുച്ചകള്‍
പുല്‍ച്ചെടികള്‍ പൂഴിപ്പരപ്പുകള്‍
മരച്ചുവടുകള്‍, പാറയിടുക്കുകള്‍,
പുഴ, മഴ
എവിടെയും ജീവിച്ചിരുന്നേനെ. 
പ്രണയം തോന്നുന്നവരെ മാത്രം
ഇണയാക്കിയേനെ
ഹാ. ഒരേ മുറിച്ചുവരുകൾക്കുള്ളിൽ 
വീണുപോകുന്ന ഉറക്കത്തില്‍നിന്നു
വിളിച്ചുവരുത്തുന്ന വികാരങ്ങൾക്ക് 
എന്നും ഒരേ സോപ്പ് മണം

പെറ്റും പാലൂട്ടിയും നിറച്ചേനെ
എന്റെ മക്കളേ...യെന്നു കരയുമ്പോള്‍
എണ്ണമില്ലാത്ത കുഞ്ഞിക്കയ്യുകള്‍
വന്നു പൊതിഞ്ഞേനെ....
തരിശുകിടന്ന ഗര്‍ഭപാത്രം വരെ 
ഇപ്പോൾ കണക്കു തെറ്റിക്കാൻ തുടങ്ങുന്നു

കക്കൂസ് പോലെ 
വിസര്‍ജ്ജ്യങ്ങള്‍  മാത്രം ഏറ്റുവാങ്ങിയ
പരിഭാഷകള്‍ മാത്രം വായിച്ച 
മനശ്ശാസ്ത്രം
ആലോചിച്ചു തല കുടയുമ്പോൾ 
രതിജന്യവും അല്ലാത്തവയുമായ
ആസക്തികളുടെ പൊരിച്ചിലിലേക്ക്
വെള്ളം വെള്ളം എന്നു ശരീരം പിറുപിറുക്കുന്നു.
ശരീരമേ ശരീരമേ എന്നു മനസ്സു വാവിടുന്നു.

Thursday, June 21, 2012

അച്ഛന്‍


സൈക്കിളില്‍ നിന്ന് മൊപ്പെഡിലേക്ക്
എത്തിയിരുന്നേയുള്ളൂ, മരിക്കുമ്പോള്‍.
വിരല്‍പ്പിടിയയയുമ്പോള്‍
മക്കളുണ്ടായിരുന്നു ചുറ്റിലും
വിട്ടുപോവല്ലേയെന്ന് ഉച്ചത്തില്‍ കരയാന്‍.
പതിനാലുകൊല്ലം പാഞ്ഞുപോയി.
അതിലും എത്രയോ മുമ്പേ
പിന്നിലാക്കിയിരുന്നു കാലം.
എങ്കിലും
പച്ചമരുന്നുവച്ചുകെട്ടിയ പഴയവണ്ടി പായിച്ച്
മത്സരിച്ചുകൊണ്ടേയിരുന്നു.
കാറ്റുപിടിച്ച ചെങ്കൊടിപോലെ
കുതിച്ചുകൊണ്ടേയിരുന്നു.

ഉറക്കമില്ലാതെ ഓര്‍ത്തു കൊണ്ടിരുന്നത് എന്താണാവോ .
“ആറാട്ടിന് ആനകള്‍ എഴുന്നള്ളി“യ ശേഷം
പാട്ടുകേട്ടിട്ടുണ്ടാവുമോ
കഥ വായിച്ചിരിക്കുമോ
വടക്കന്‍പറവൂര്‍ ഫിലിം സൊസൈറ്റിക്കപ്പുറം
സിനിമ സന്തോഷിപ്പിച്ചിരിക്കുമോ

മിച്ചം വന്ന പാര്‍ട്ടിനോട്ടീസുകളുടെ മറുപുറത്ത് എഴുതിനിറച്ചവ
വീണ്ടുമൊന്നു വായിക്കപ്പെടാതെ
ഒപ്പം തീപ്പെട്ടുപോയി.
കുതിര്‍ത്ത ചെളിമണ്ണില്‍ പാര്‍പ്പിച്ചിരുന്ന
മണ്ണിരകള്‍ നാടുവിട്ടു .
എങ്കിലും മേല്‍പ്പോട്ടു കുതിപ്പിച്ച മാവുകള്‍
പുളിമാങ്ങകളുടെ പച്ചച്ചിരിയോടെ
ചേര്‍ത്ത് പിടിക്കാറുണ്ടിപ്പോഴും

ദൂരദര്‍ശന്‍ പഴകാന്‍ തുടങ്ങിയിരുന്നു. .
കൈരളി കടലാസില്‍ പോലുമായിരുന്നില്ല.
നായനാരോടു ചോദിച്ചത് ഏഷ്യാനെറ്റായിരുന്നു.
സാറ്റലൈറ്റുകളെ പക്ഷെ, വേലിക്കകത്തു കയറ്റിയില്ല.
ഈ ലോകത്തു ജീവിച്ച് വിനോദിക്കുന്നതെങ്ങിനെയെന്ന്
ആനന്ദിക്കുന്നവരോടെല്ലാം കലഹിച്ചു.

പുതുമയെ അകറ്റിപ്പിടിച്ചിരുന്നു .
കമ്പ്യൂട്ടര്‍, ചുരിദാറുകള്‍...
ബീയേക്കു പകരം പക്ഷേ, ബീബീയേ മതിയെന്നു പറഞ്ഞു.
ബീബീയേ പഠിച്ചാല്‍ ആരായിത്തീരുമെന്ന് ഓര്‍ത്തിരിക്കുമോ?
നെറ്റും മൊബൈലും വിക്ഷുബ്ധമാക്കിയേനെ.
കൂടിക്കഴിഞ്ഞവര്‍ കൊടി താഴെ വച്ചപ്പോള്‍
നെഞ്ചു നിലച്ചു പോയേനെ.
ചൂടും ചിരിയും ഉമ്മകളും തന്നു തീര്‍ക്കാതെ
മിണ്ടാതെ പൊയ്ക്കളഞ്ഞുവെങ്കിലും,
ഒന്നോര്‍ത്താല്‍ നന്നായി.
എത്ര വട്ടം മരിച്ചേനെ ജീവിച്ചിരുന്നെങ്കില്‍

ചെങ്കൊടിയുടെ ഓളം വെട്ടലിന്നുള്ളില്‍
എവിടെയോ ഉണ്ടെന്നു ഇപ്പോഴും തോന്നിക്കാറുണ്ട്.
കാല്‍പ്പാദങ്ങളില്‍
നോവിന്റെ കുടമുടയ്ക്കുന്ന ജാലവിദ്യ കാട്ടി
കാവലിരിക്കുന്നതായി കാണാറുണ്ട്, ചില രാത്രികളില്‍.

നാടകം കാണാന്‍
ഒന്നാം നിരയില്‍ ഒറ്റയ്ക്കിരുത്തി,
പുറത്തേക്കു പോയതാവും ചിലപ്പോള്‍.
വരും,
ഇരുട്ടുമാത്രമുള്ള ഇടവഴികള്‍ താണ്ടാന്‍
പഴയ സൈക്കിളില്‍...

Saturday, April 16, 2011

തലാക്ക്


വേലിപ്പുറത്തെവിടെയോ
ചുവന്ന കുപ്പായമിട്ട് നിന്നിരുന്ന 
ഒന്നിനും പോരാത്ത വെറും ചെമ്പരത്തി.
നിന്നെ കൊതിച്ചിരുന്നില്ല
സ്വപ്നം കണ്ടിരുന്നുമില്ല 
ഒറ്റ ദിവസത്തിന്റെ ഒറ്റവിസ്മയത്തില്‍
തീര്‍ന്നു പോകാന്‍ മാത്രം പോന്ന
എന്നെ നീ...

ഉള്ളം കയ്യില്‍ പൊന്‍ നാണയം കണക്കെ
കൂട്ടിപ്പിടിക്കുമെന്നു കരുതി
ഒപ്പം പുറപ്പെട്ടവള്‍.
പ്രാണനും ആത്മാവും ഒറ്റവരിയില്‍ 
സൂക്ഷിക്കാന്‍ തന്നവള്‍
വിസമ്മതങ്ങളേക്കാള്‍
വിലപറയിക്കുന്ന നാട്യങ്ങളാണ് നല്ലതെന്ന് 
അന്ന് മുതല്‍ ആഴങ്ങളില്‍ അനുഭവിച്ചവള്‍

ആഭിചാരം ചെയ്യപ്പെട്ട കന്യകയുടെ വിഭ്രാന്തികള്‍
നിന്റെ ചതുരങ്ങളില്‍ ഒടുങ്ങിപ്പോയി.
നീ വരച്ച വഴികള്‍, പഠിപ്പിച്ച മൊഴികള്‍ 
കിടത്തിയുറക്കിയ മെത്തകള്‍ 
ഉരിഞ്ഞു മാറ്റപ്പെട്ട കുപ്പായങ്ങള്‍ 

നിന്റെ ഉച്ച്വാസങ്ങള്‍ക്ക് കൂടി 
സുഗന്ധമാണല്ലോ എന്ന് അതിശയിച്ച
എന്റെ നിഷ്ക്കളങ്കതയുടെ 
ഏറ്റവും അവസാനത്തെ അടരുകള്‍...

എന്റെ പഴക്കങ്ങളെല്ലാം 
അന്നേ പഴകിപ്പോയി.
ചുണ്ടിന്റെ നീലിച്ച നിറം പോയി.
വിയര്‍പ്പിന്റെ ശീമക്കൊന്ന മണം പോയി. 

ആത്മാവിനെ പൊരിച്ചെടുക്കുന്ന 
വേനലായിരുന്നു നീ.
സ്നേഹത്തിനു പനിച്ചപ്പോള്‍ മരുന്നുതന്നു
മരുന്നിനു പനിച്ചപ്പോള്‍ മാറിനടന്നു
വിശന്നപ്പോള്‍ ഉറക്കം നടിച്ചു
ഒറ്റയ്ക്കാക്കല്ലേയെന്ന് കേണപ്പോള്‍
ആള്‍ത്തിരക്കിലേക്ക് ഇറക്കിവിട്ടു 
ഏകാന്തതയും പരദേശികളും
ഭേദ്യം ചെയ്യുമ്പോള്‍ മാറി നിന്നു ചിരിച്ചു.

മനസ്സ്,
കൊതികളും ചിരികളുമുണ്ടായിരുന്ന ശരീരം,
അനാകുലം പുറപ്പെട്ടിരുന്ന സ്വപ്നങ്ങള്‍...
അടര്‍ന്നു പോയി,
നിന്റെ ഉഗ്രാലിംഗനങ്ങളില്‍..

മതിയെന്റെ നഗരമേ..
നിന്റെ വെള്ളിനൂല്‍‍ക്കുരുക്കുകള്‍
അഴിച്ചെടുത്ത് 
കടലിനപ്പുറത്തേക്ക്  കതകടച്ചിറങ്ങുമ്പോള്‍
തിരിഞ്ഞു നോക്കണം നിന്നെ ..
എനിക്ക്  മാത്രം പോന്ന 
നിര്‍മമതയോടെ...

Tuesday, September 7, 2010

കഥാസാരം

ദൈവത്തിന്റെ കടയില്‍
മുന്‍വിധികള്‍ വില്‍ക്കാന്‍ വച്ചിരിക്കുന്നെന്നു കേട്ടു.
വാങ്ങാന്‍ ചെന്നപ്പോള്‍
രണ്ടെണ്ണം മാത്രം ബാക്കി.


"ഇഷ്ടമുള്ളതെടുക്കാം“ ദൈവം കണ്ണിറുക്കി.


രണ്ടും അനാകര്‍ഷകം
വിരക്തം.അവ്യക്തം.
ഞാന്‍ രണ്ടുമെടുത്തു.


ഒന്നാമത്തേത് ഒരു യോഗിനിയുടേതുപോലെ.
നിസ്സംഗമായ തലക്കെട്ട്
നിറഭേദങ്ങളില്ലാത്ത
പകര്‍ത്തെഴുത്തുപോലുള്ള ദിവസങ്ങള്‍
അരക്കെട്ടു വരെ മുഴുസ്വാതന്ത്ര്യം
കാലില്‍ അദൃശ്യമായ ചങ്ങലക്കിലുക്കം
ഒറ്റജാലകത്തിന്റെ ഫ്രെയിമില്‍ ലോകം ചുരുണ്ടുകിടന്നു
ആരാധിക്കാന്‍,
അമാനുഷികരും പെണ്‍ഛായയുള്ളവരുമ‍ായ
നായകന്മാരുടെ പടങ്ങള്‍
മഞ്ഞത്തയമ്പിന്റെ തൊപ്പികളണിഞ്ഞ
വിരസങ്ങളായ പകലുകള്‍
അടിവസ്ത്രങ്ങള്‍
ശരീരമാര്‍ദ്ദവങ്ങളോടു യുദ്ധത്തിലായിരുന്നു
കഴുത്തു ഞെരിച്ചുകൊന്ന
ഒരു കടല്‍പ്പെരുപ്പം
ആത്മാവില്‍ ഇരമ്പിക്കൊണ്ടേയിരുന്നു


"ദൈവമേ, ഹോ, വേണ്ട"
ഞാന്‍ രണ്ടാമത്തെ പൊതിയഴിച്ചു


അതു വേശ്യയുടേതായിരുന്നു
അക്ഷരങ്ങളിന്മേല്‍ അമര്‍ന്നു കിടക്കുന്ന ഇരുട്ട്.
ചെടിപ്പിന്റെ ഛര്‍ദ്ദില്‍ കെട്ടു പൊട്ടിക്കുമെന്ന്
അഴിച്ചിട്ട സുഗന്ധങ്ങള്‍ എപ്പോഴും ഭയപ്പെട്ടു
സ്വതന്ത്രമായ കാലുകള്‍.
മുടി തൊട്ടു തുടവരെ
വേര്‍തിരിക്കാനാകാത്ത സ്രവഗന്ധങ്ങളുടെ തിരക്ക്.
കടുത്ത പുറംതോടിനുള്ളില്‍
തടഞ്ഞുവീഴുന്ന ദീര്‍ഘശ്വാസങ്ങള്‍.
ഒറ്റജാലകവും നക്ഷത്രങ്ങളും ഉണ്ടായിരുന്നു
കറുപ്പും വെളുപ്പും കൈകള്‍ നീട്ടി
തണുത്ത നഗ്നതയില്‍ ചിത്രം വരയ്ക്കുന്ന ചന്ദ്രന്‍
കാമുകനും കാവല്‍ക്കാരനുമായിരുന്നു
ഓര്‍മ്മയും ഉന്മാ‍ദവും
മുഷിഞ്ഞ തുണികള്‍ക്കിടയില്‍
മരിച്ചു കിടപ്പുണ്ടായിരുന്നു


ഞാന്‍ കോപത്തോടെ
ദൈവത്തെ കാണാന്‍ തിരിച്ചു നടന്നു


ഒരു കുറിപ്പെഴുതിവച്ചു അയാള്‍ സ്ഥലം വിട്ടിരുന്നു


"നിയോഗങ്ങള്‍ രണ്ടും അപഹരിച്ചവളേ
നീ കുടുംബിനിയായി വാഴുക..."

Tuesday, June 15, 2010

ഇര


എനിക്കും ഒരു ഇരയുണ്ട്. 
എന്റെ കനികള്‍ തിന്നു തീര്‍ത്ത് 
മിഴിപാതി കൂമ്പി 
സുഖാലസ്യത്താല്‍ ഉറങ്ങാന്‍ കിടക്കുന്ന ഒരിര.

ഞാന്‍ അതിനെ ഉണരാന്‍ വിടുകയില്ല. 
സ്വപ്നങ്ങളുടെ വിസ്മയപ്പടിയില്‍ നില്‍ക്കുമ്പോള്‍
ഞാന്‍ അതിന്റെ തുടകള്‍ വിടര്‍ത്തും.
മാംസമോ ചോരയോ എന്ന് 
കാമനകള്‍ ശങ്കിക്കുമ്പോള്‍ 
നോവിക്കൂ, പ്രാണന്‍ പിടപ്പിക്കൂ എന്ന് 
മനസ്സു കുതിക്കും.
തലയില്‍ നിന്നോ പാദാഗ്രത്തില്‍നിന്നോ എന്ന് സംശയിക്കുമ്പോള്‍ 
കൊയ്യാന്‍ പാകമൊത്ത ഇളവയര്‍ തുടിച്ചുവെളിപ്പെടും.
അതിന്റെ ചുടുമണം എന്നെ മദിപ്പിക്കുകയില്ല . 
മുഖത്തു ബാക്കിവച്ച ചിരികള്‍ വിഭ്രമിപ്പിക്കുകയില്ല. 
പറിച്ചെടുക്കാന്‍ പാകമായ പഴം പോലെ 
പ്രാണന്‍ മാത്രം എന്നെ കൊതിപ്പിക്കും. 
ഭയത്താല്‍ അസുന്ദരമായ മുഖം
എന്നെ സന്തോഷിപ്പിക്കും. 

വിരണ്ടുപോയ കൃഷ്ണമണികളെ വേണം 
എനിക്കു ചൂഴ്ന്നെടുക്കാന്‍. 
വീണുയാചിക്കുന്ന ശിരസ്സിനെ വേണം 
എനിക്ക് അരിഞ്ഞുമാറ്റാന്‍. 
ഇര പക്ഷേ, ശാന്തമായി ഉറങ്ങുന്നു.

എന്റെ എലിക്കെണികള്‍ ഈ ഇരയ്ക്ക് പാകമാകുമോ.. 
വിഷം ചേര്‍ത്ത ഉരുളകള്‍ക്കു വീര്യം തികയുമോ..
ഇരയെ ചോദ്യം ചെയ്ത് ഉഷ്ണിച്ച രാത്രി 
ചുറ്റും കത്തി നില്‍ക്കുന്നു. . 
ഇര സ്വസ്ഥമായി ഉറങ്ങിക്കൊണ്ടേയിരിക്കുന്നു.
പ്രതാപിയായ ഇരയ്ക്കു കാവല്‍ നിന്നുനിന്ന് 
എനിക്കു മൂര്‍ച്ഛിക്കുന്നു...

Saturday, March 27, 2010

ഉറക്കത്തില്‍ മരിച്ച ആള്‍


ഉണര്‍ന്നു‍പോയി..
ഉടലില്‍‍ മിന്നലിന്‍‍ പെരുക്കം.

പുലരാറായോ?
ഇരുളിന്‍ മുടിച്ചുരുളിഴഞ്ഞുനില്‍ക്കുന്നു
കുതിര്‍ന്നുപോയ് ദേഹം
വിടുവിച്ചകലുവാന്‍ കുതറുന്ന ശ്വാസം

അരികിലുള്ളവള്‍ പാതിയുറക്കത്തില്‍
വെറുതേ മൂളി‍, കൈതൊടാനായില്ല.
കഫമായിരപ്പിച്ച വാക്കുകളോരോന്നും
വിഫലം, തൊണ്ടയില്‍‍ മുള്ളുപോലുറയുന്നു.

വിറയലോടെങ്ങും കണ്‍മിഴിക്കുമ്പോള്‍
ഇരുളില്‍ തിളങ്ങുന്നു കനല്‍ പോലെയമ്മിണി.
കയറിന്‍ കുരുക്കില്‍ കഴുവേറ്റിടും മുന്‍പേ
ഉയിര്‍വിട്ടുപോയവള്‍.
നനവും നഖക്കോറലും, വലിച്ചിഴച്ചപ്പോള്‍
പൊളിഞ്ഞകുപ്പായക്കീറലുമതേപടി.
ഉലഞ്ഞമുടി ചീറ്റി പുലഭ്യം പറയുന്നു
ഉടയും പിഞ്ഞാണംപോല്‍‍ കിലുങ്ങിച്ചിരിക്കുന്നു.

കരുണ കാട്ടണേയമ്മിണീ--യെന്ന്
കെറുവുകാട്ടുന്ന ശ്വാസങ്ങള്‍ പാളി.

തലയരികത്തു കൈതൊടാദൂരത്തില്‍
പഴയ മൊന്തയില്‍‍ വെള്ളം ചിരിക്കുന്നു
സുഖമരണപ്പെട്ട നാള്‍‍മുതല്‍ക്കെത്രയോ
പ്രിയമോടോര്‍ത്തതാണമ്മയെപ്പോലെ
ഉണര്‍വ്വിലല്ലാതെ, നോവാതെതീരുവാന്‍.
ചിതയടുക്കിയ നേരം നിഴല്‍‍ പോലെ
വെറുതേ കണ്ടപോലോര്‍മ്മ -
വിറകുപോല്‍‍ കാഞ്ഞ ദേഹം
നീലിച്ച ചുണ്ടുകള്‍.

സമയമേറെയായ്, ഇരുളിലും കൈനീട്ടി
വിരല്‍ തൊടാറുള്ളവള്‍‍ മാത്രം
ഉണരുന്നില്ലല്ലോ.
പറയുവാനെത്ര ബാക്കി
പതിവുവിട്ടുള്ള കാര്യങ്ങള്‍‍‍.

പുലരുന്നില്ലല്ലോ...
അവള്‍മാത്രമുണരുന്നില്ലല്ലോ.

Tuesday, January 19, 2010

അനാമി

ആകാശം വന്നു തലയ്ക്കടിച്ചപ്പോള്‍
കാല്‍ക്കീഴില്‍ ഭൂമി വഴുതിക്കളിച്ചപ്പോള്‍
ചുടുകാറ്റിന്റെ തിരയിളക്കത്തില്‍ മുങ്ങിപ്പോയപ്പോള്‍
എന്തെല്ലാമോ ചെയ്യണമെന്നു വിചാരിച്ചു.
ഒന്നും സംഭവിച്ചില്ല.
ഉണക്കുവീണു തുടങ്ങിയ കണ്ണുകളില്‍
വീണ്ടും നീരു പൊടിഞ്ഞു.
അത്രമാത്രം.

ഇരുട്ടിലേക്കു വീണുപോയ അവകളെ
കണ്ടവരോ അറിഞ്ഞവരോ ഇല്ല.
പുറന്തള്ളിയ കണ്ണുകള്‍ക്കും വേണ്ട.
ഏറ്റുവാങ്ങാന്‍ ആളില്ലാതെ
ഒഴുക്കിന്റെ തുടര്‍ച്ചപോലും നഷ്ടപ്പെട്ട്
ചിതറിവീണു മരിച്ചു.

അതിന്റെ ചൂടേറ്റ് ഇരുട്ടിനു പൊള്ളിയിട്ടുണ്ടാകുമോ...
നനവു ഭൂമിയില്‍ പ്രളയമുണ്ടാക്കിയിട്ടുണ്ടാകുമോ...
ആവിയാക്കാനാകാതെ സൂര്യന്‍ വിയര്‍ത്തിട്ടുണ്ടാകുമോ...
ഉപ്പുപാറകളുടെ പര്‍വ്വതം കയറുവാന്‍
ആരോഹകര്‍ പുറപ്പെട്ടിട്ടുണ്ടാകുമോ...
അതിന്റെ ഭാരത്താല്‍ വിറച്ച്
ഭൌമാന്തരത്തില്‍ വിള്ളലുകളുണ്ടായത്
റിക്ടര്‍ മെഷീനുകള്‍ മണത്തറിഞ്ഞിട്ടുണ്ടാകുമോ...

ഉണ്ടാകാതിരിക്കില്ല.
പ്രപഞ്ചപഠനങ്ങളുടെ പ്രബന്ധവരികളില്‍
എവിടെയെങ്കിലും ആരെങ്കിലും
അവയെ എഴുതി വയ്ക്കും.
സുനാമി പോലെ ഭംഗിയുള്ള ഒരു പേര്
പതിച്ചു കൊടുക്കും.

***

Sunday, January 10, 2010

സ്വപ്നവ്യൂഹം

സ്വപ്നങ്ങളാവാം.
തായ്‌വേരുണങ്ങിയ പാഴ്മരം
വീണുപോയ്, തോന്നലാവാം.
നീളനുറക്കത്തില്‍ ദിക്കുകള്‍ ബന്ധിച്ചു
തോല്‍പ്പന്തുതട്ടി രസിക്കയാവാം

കണ്മുന്നിലെല്ലാം മലം
നൂല്‍മറയില്ലാതെ ചൂളുന്ന നഗ്നത
കാല്‍ വിരല്‍ ചുംബിച്ച കാമുകന്‍
പാദം പുണര്‍ന്നുപായുന്ന സര്‍പ്പം
ഉള്‍വയറ്റിന്‍ നീര്‍ന്നുരസ്പന്ദനം
ചുറ്റിപ്പിഴുത നീണ്ട ചുരുള്‍മുടി
ചോര കൊഴുത്ത വിരലുകള്‍
ആള്‍ത്തിമിര്‍പ്പില്‍ കൈവിട്ട കുഞ്ഞ്
ഓടിച്ചിഴയ്ക്കുന്ന ഭൂതങ്ങള്‍

സ്വപ്നങ്ങളാവാം.

ചിറ്റമൃതും കീഴാര്‍നെല്ലിയുമേറ്റി
സൈക്കിളിലച്ഛന്‍.
എത്രനാളായൊന്നു കണ്ടിട്ട്!
കെട്ടിപ്പിടിച്ചപ്പോള്‍
ഉരസി മുള്ളന്‍ താടി,
ഉടലില്‍ തൈലഗന്ധം, അതേ ചൂട്.
കാലില്‍ നീരുണ്ടോ?
ഞെട്ടിത്തിരയുമ്പോള്‍,
മുറ്റത്തു വള്ളിപ്പാല,
വെളുത്ത ശംഖുപുഷ്പം.

പ്രണയമേയില്ലെന്ന്
ജന്മം കുടയായെടുത്തവന്‍
പ്രളയമായ്നിന്നിട്ടും
കരളുരുകാത്തവന്‍
കുഞ്ഞുമോനൊന്നിച്ചു പോകണം.
ശ്വാസം കുരുങ്ങുമ്പോള്‍
നോവുമോ പൊന്നിന്?
മീനുകള്‍ ചൂടോടെ തിന്നുമോ
പൂന്തളിര്‍ മേനി?

അയ്യോ, ഒന്നുണര്‍ന്നെങ്കില്‍...

പ്രിയോര്‍മാങ്ങകള്‍ വീഴാന്‍
ഉച്ചവെയിലിനോടൊപ്പം
തിണ്ണയില്‍ കാത്തുകിടന്നേയുള്ളൂ.
പീഞ്ഞാറി പാറിച്ച കാറ്റ്
കൊന്നമേല്‍ കൈവച്ചതേയുള്ളൂ.
റാട്ടുപുരയിലെ പെണ്ണുങ്ങള്‍
ഉച്ചത്തിലിപ്പോള്‍ ചിരിച്ചേയുള്ളൂ.
ചൂടന്‍ കിഴങ്ങിന്‍ മണവുമായ്
അമ്മവന്നിപ്പോഴുണര്‍ത്തും.
കാപ്പിയൂതുമ്പോള്‍ ചോദിക്കണം,
ഒരിലഞ്ഞിമാല ശ്രീമുരുകനിട്ടാല്‍
തീരുമോ, ഈ സ്വപ്നതാണ്ഡവം.

****

Friday, January 1, 2010

നിലവിളിക്കുന്ന ഒരു...

ഇനി,
എന്റെ മനസ്സ്
നിനക്കായി വെളിപ്പെടുകയില്ല.
ഒരു ഇരുള്‍ക്കാടിന്റെ
കറുപ്പുമാത്രം നീ കാണും.
കാട്ടുമൃഗത്തിന്റെ മുരള്‍ച്ച.
നിഗൂഢതയുടെ കനപ്പ്.
അപ്രാപ്യത.
അത്രമാത്രം.

എന്റെ ഹൃദയത്തില്‍
ഞാവലുകള്‍ പൂവിടും.
നിലാവിന്റെ വെണ്‍കുടയ്ക്കു കീഴില്‍
രാപ്പക്ഷികള്‍ പാട്ടുപാടും.
മേടുകളില്‍ മാനുകള്‍ ഓടിക്കളിക്കും
പ്രണയത്തിന്റേതുമാത്രമായ ഒരു ഗന്ധം
അവയിലെല്ലാം തുടിച്ചു നില്‍ക്കും.

എന്റെ ഒറ്റനിലമാളികയില്‍
നിന്നെക്കുറിച്ചുള്ള ഓര്‍മ്മകള്‍
തിക്കിത്തിരക്കി നില്‍ക്കും.
ഓരോ അണുവും
നിന്നെക്കാത്തുനിന്ന്
മോഹിച്ചു വീര്‍പ്പുമുട്ടും.

നീ അതൊന്നും അറിയുകയില്ല.
കുളിരരിക്കാന്‍ തുടങ്ങുന്ന ഒരു കനല്‍
എന്റെ നെഞ്ചിലുണ്ടെന്ന്
നിനക്കോര്‍മ്മ വരികയില്ല
നിന്നെ ഘോഷിക്കാനുള്ള
ഉത്സവത്തിന്
നീ വന്നെത്തുകയുമില്ല.

പിറ്റേപ്പുലര്‍ച്ചയില്‍
മിണ്ടാട്ടമില്ലാത്ത മണല്‍പ്പരപ്പില്‍
മഴ നനച്ചിട്ട കാവടിപ്പൂവുകള്‍
എന്തിന്റെ ബാക്കിയെന്നു
നീ വിസ്മയിക്കും.
ഏതെടുത്താലും പത്തു രൂപയുള്ള
വാണിഭശാലകളില്‍
ചുറ്റിത്തിരയുന്ന നിന്നെ കണ്ട്
ദൈവം പൊട്ടിച്ചിരിക്കും.

***

Sunday, November 22, 2009

നൂല്‍ബന്ധം

ഒക്കത്തും വിരല്‍ത്തുമ്പിലും
ഓരോ കിടാങ്ങളുമായി
കൂട്ടുകാരി വന്നു.

കുട്ടിക്കാലം പങ്കുവച്ചവള്‍
ഒരു കയ്യാല്‍ ചര്‍ക്ക തിരിച്ച്
കണ്ണും ചുണ്ടും കൂര്‍പ്പിച്ചു വച്ച്
കുഞ്ഞിലേ നൂല്‍ചുറ്റിക്കൊണ്ടിരുന്നവള്‍.

ആണ്‍പിള്ളേര്‍ ആര്‍പ്പിടുന്ന പുല്‍മൈതാനത്തില്‍
അവളോടൊപ്പം തുള്ളിച്ചാടാന്‍ പോകുന്നതിന്റെ
ഉന്മാദത്തില്‍
ഞാനും ചര്‍ക്ക തിരിച്ചു.
ഉണക്കിയ പാവുമായി
വല്യച്ഛന്‍ വീട്ടിലെത്തും മുന്‍പേ
പണി തീരില്ലേ എന്ന പേടിയായിരുന്നു അവള്‍ക്ക്.

തറിത്തട്ടിലിരുന്നപ്പോള്‍
ചവിട്ടുകോലില്‍ കാലെത്തിയ ദിവസം
അവള്‍ നെയ്ത്തുകാരിയായി.
എനിക്കു മുന്‍പേ വയസ്സറിയിച്ചു
നിറം വച്ചു.
പുഴുങ്ങിയ മരക്കിഴങ്ങും ചക്കക്കുരുവും
മിനുപ്പു കൂട്ടി.
ചീട്ടിത്തുണിയിലെ തുന്നല്‍ വേലികള്‍ക്കുള്ളില്‍
ചന്തങ്ങള്‍ തുളുമ്പി നിന്നു.
അല്പം പൊങ്ങിയ പല്ലായിരുന്നെങ്കില്‍
ചിരിക്കുമ്പോള്‍ പൂ വിടരുമായിരുന്നു എന്നു
കൊതിപ്പിച്ചു.
വിലകുറഞ്ഞ സോപ്പുമണത്തിനായി
ഞാന്‍ വിടാതെ മുട്ടിയുരുമ്മി.

കളിസ്ഥലങ്ങള്‍ കൈവിട്ടശേഷം
തറിയില്‍ മാത്രം കണ്ണുനട്ട്
അവള്‍ സംസാരിച്ചു.
ഊടും പാവും ഇണ ചേര്‍പ്പിച്ചു.
ഉടക്കുകള്‍ പറഞ്ഞുതീര്‍ത്തു
പഴന്തുണികളുടുത്ത് കസവുപുടവകള്‍ പണിതു.
എനിക്ക് ആദ്യം കിട്ടിയ പ്രേമലേഖനം വായിച്ച്
നൂല്‍ക്കുട്ടയില്‍ വീണുകിടന്നു ചിരിച്ചു.

കല്യാണം ചെയ്തവന്‍
കല്‍പ്പണിക്കാരനായതിനാലാവാം
അവളുടെ നെഞ്ച്
നെയ്ത്തുതാളങ്ങള്‍ മറന്നു.
ഞാന്‍ അവളേയും.

ഒക്കത്തും വിരല്‍ത്തുമ്പിലും
കിടാങ്ങളുമായി
വന്നു, എന്റെ കൂട്ടുകാരി.
ഇത്തള്‍ മഞ്ഞപ്പിച്ച പല്ലുകള്‍
കീഴ്ചുണ്ടില്‍ തറഞ്ഞുനില്‍ക്കുന്നു.
കൈകളില്‍
തറിപ്പണിയേക്കാള്‍ തഴമ്പ്.
വിണ്ട പാദങ്ങള്‍ നീട്ടി
അവള്‍ നിലത്തിരുന്നു.

അവളുടെ വിയര്‍പ്പിലും വായ്നാറ്റത്തിലും
എന്റെ മുഖം ചുളിഞ്ഞോ...
മൂക്കിള ചാടിയ കുട്ടികള്‍ക്കൊപ്പം
എന്റെ മകള്‍ ഓടിക്കളിച്ചപ്പോള്‍
നെഞ്ചിടിച്ചത് അവള്‍ കേട്ടിരിക്കുമോ?

***

Friday, November 13, 2009

ഒറ്റാല്‍

ഈ നാട്ടില്‍ ഞാന്‍ ആദ്യമാണ്.
കേട്ടിട്ടില്ലാത്ത ഭാഷ.
കണ്ടിട്ടില്ലാത്ത ജീവജാലങ്ങള്‍.
ഓരോന്നും വേറേ മണക്കുന്ന ഇടം.

വഴികള്‍
മൃദുവും നിരപ്പുള്ളവയുമായി തോന്നിച്ചു.
വഴുക്കിവീഴ്ത്തുന്ന ഇടങ്ങള്‍
വിദഗ്ധമായി ഒളിച്ചിരുന്നു.

വഴികാട്ടിയായത്
കുട്ടികളെപ്പോലെ തോന്നിച്ച ഒരാള്‍.
പുറം തിരിഞ്ഞപ്പോള്‍ കഠാര.

ചൂണ്ടുപലകകളുടെ കൃത്യത
എല്ലായ്പ്പോഴും വഴിപിഴപ്പിച്ചു.
തൊട്ടുനില്‍ക്കുന്നു എന്നു തോന്നിപ്പിച്ചവ
വിരല്‍ നീട്ടും മുന്‍പു മാഞ്ഞു പോയി.

സൂര്യന്‍ ദിശ മാറി ഉദിച്ചു
കാറ്റ് താഴേയ്ക്കു മാത്രം ഊതി.
ഉപ്പുചുവയ്ക്കുന്ന മഴകള്‍
നിര്‍ത്താതെ പെയ്തു.

കണ്ണാടിക്കൂടിനുള്ളില്‍ എല്ലാം
ഭദ്രമെന്നു തോന്നിച്ചു
സ്പര്‍ശിക്കപ്പെടാത്ത പ്രതിമകള്‍
വീര്‍പ്പുമുട്ടലടക്കിപ്പിടിച്ചു.

ചരിവിടങ്ങളിലേക്കു വെള്ളം
തനിയേ ആവേശിക്കപ്പെടുമെന്ന
സയന്‍സു പഠിച്ച പുഴമീന്‍
കടലൊച്ച കേട്ടു നടുങ്ങി.

കാണുന്നതൊന്നും
തിരിച്ചറിയാനാകുന്നില്ല.
കാണാനരുതാത്തവ
കരള്‍ തുരന്നു ചിരിക്കുന്നു.
ചിലപ്പോള്‍ ഇറുകിപ്പിടിച്ചും
അല്ലാത്തപ്പോള്‍ അയഞ്ഞുതൂങ്ങിയും
അപാകത്തിലായിരിക്കുന്ന ഇവിടം
എനിക്കു പിടിക്കുന്നേയില്ല.

എപ്പോഴോ മഴ നിലച്ചപ്പോള്‍
ഉണക്കപ്പുല്ലുകളെ തീ നക്കിത്തിന്നു.
ഓരോ യാത്രകളേയും
പുറപ്പെടും മുന്‍പേ ഞെക്കിക്കൊല്ലാനായിരുന്നെങ്കിലെന്ന്
കാലു വെന്ത നായ
ഓടിനടന്നു വിഭ്രമിച്ചു.

എന്തായാലും, ഒടുവില്‍ കിട്ടി.
ശ്വാസക്കുഴലിനോടൊപ്പം
ആത്മഹത്യ ചെയ്യാതെ പോയതിന്
ഒരു ഷോക്കോസ് നോട്ടീസ്.

****

Sunday, November 8, 2009

കുളവാഴകള്‍

നാട്ടിലെ പുരയിടത്തിലെ രണ്ടുനില വീട്
നഗരത്തിലെ ഒറ്റമുറിഫ്ലാറ്റിന്റെ
നിവര്‍ത്തിവച്ച സ്വപ്നമാണ്.
അതിന്റെ അകത്തളങ്ങളിണക്കാന്‍
വഴുക്കലും മിനുക്കവുമുള്ള
ടൈലുകള്‍ പണിയാന്‍ വന്നത്
വരാപ്പുഴക്കാരന്‍ ഒരു ചെറുപ്പക്കാരന്‍.
ആദ്യം കണ്ടത് അവന്റെ സ്വര്‍ണ്ണമാലയാണ്.
നെഞ്ചിലൂടൊഴുകുന്ന വിയര്‍പ്പിനെ
അതങ്ങനെ തുരുതുരാ ഉമ്മ വച്ചുകൊണ്ടിരുന്നു.

മെയ്പ്പണിയും കൈപ്പണിയും നോക്കി
കണ്ണെടുക്കാതെ നില്‍ക്കുമ്പോള്‍
അവന്‍ തലയുയര്‍ത്തിച്ചിരിച്ചു.
ഇവന്റെ ചിരി കുട്ടികളുടേതാണല്ലോയെന്ന്
എനിക്കു വെറുതേ ദേഷ്യം തോന്നി.
കുറേക്കൂടി പ്രായം കൂട്ടി ചിരിക്കരുതോ?
ഞാന്‍ നരവീണു തുടങ്ങുയവളും
ഇളയ കുഞ്ഞു മൂന്നില്‍ പഠിക്കുന്നവളും
ഇളകിയടര്‍ന്ന മേദസ്സുള്ളവളുമായിരിക്കേ
എന്നോടെന്തിനു കുട്ടുകളെപ്പോലെ ചിരിക്കണം?

തോര്‍ത്തുവീശി വിയര്‍പ്പുതുടച്ച്
അവന്‍ അരികില്‍ വന്നു.
“ഞാനാടോ, ജോണി, താമ്മറന്നോ?
നമ്മള് പള്ളീസ്കൂളില് ഒപ്പം പഠിച്ചതല്ലേ?”
അയ്യോ...ഞാനാകെ നാണിച്ചു പോയി.
ടൈലുകളേക്കാള്‍ തിളക്കമുള്ള അവന്റെ ദേഹത്ത്
ഞാന്‍ പിന്നെ നോക്കിയതു കൂടിയില്ല.

ഞങ്ങള്‍ രണ്ടില്‍ അടുത്തിരുന്നാണു പഠിച്ചത്.
വാപൂട്ടാതെ മിണ്ടുന്ന പെണ്‍കുട്ടികളെ
ടീച്ചര്‍ ആണ്‍കുട്ടികളുടെ ഇടയിലിരുത്തും.
അവനു ചൊറിയും ചുണങ്ങുമുണ്ടായിരുന്നു.
ഞാന്‍ തൊടാതെ അറപ്പോടെ നീങ്ങിയിരിക്കും.
അവന്‍ കുളവാഴയും മഷിത്തണ്ടും തരും.
നീലയും പിങ്കും വരയുള്ള ചോക്കു പെന്‍സിലും.
ചൊറിമണം ഞാനങ്ങു മറന്നു പോകും.

സ്കൂളിലേക്കുള്ള കുറുക്കുവഴിയിലാണ്
അവന്റെ വീട്.
മുറ്റത്തെ കൈത്തോട്ടില്‍ പച്ചയുടെ പരവതാനിയില്‍
വയലറ്റുപൂക്കള്‍ നീട്ടിപ്പിടിച്ച്
കുളവാഴകള്‍ നിറഞ്ഞു നില്‍പ്പുണ്ടാവും.
വെള്ളത്തില്‍ ഇറങ്ങിനിന്ന്
ഒരു പടര്‍പ്പിന്റെ വാലറ്റം
അവനെനിക്കു നീട്ടിത്തരും.
കുമിള പോലുള്ള അവയുടെ ഉദരങ്ങള്‍
ഞങ്ങള്‍ ചവിട്ടിപ്പൊട്ടിച്ചു രസിക്കും.

“ഞാനെട്ടാങ്ക്ലാസ്സീ നിര്‍ത്തി.
അപ്പനപ്ലയ്ക്കും മരിച്ച്.”
ജോണിക്കു ചിരിക്കാതെ സംസാരിക്കാനറിയില്ല, ഇപ്പോഴും.

“ഇന്നാള് കടവില മാഷ് ടോടെ പഠിക്കാന്‍ വരുമ്പ
ഞാന്‍ തന്നക്കണ്ട് ചിരിച്ചേര്‍ന്ന്. താങ്കണ്ടില്ലേരിക്കും...”
മാഷ് ടെയവിടെ പണയത്തിലിരിപ്പായിരുന്നു
അന്ന് എന്റെ എല്ലാ ചിരികളുമെന്ന്
ജോണിക്കറിയാന്‍ വഴിയില്ല.

മുറ്റത്തെ കൃത്രിമക്കുളത്തില്‍
താമരച്ചെടികള്‍ പൂവിട്ടു നില്‍ക്കുന്നു.

കുളവാഴകള്‍ വളര്‍ത്തിയാ‍ലോ?

***

Thursday, September 3, 2009

ക്ഷതങ്ങള്‍

തോന്നല്‍ തോന്നലിനെ പ്രസവിച്ചു.
ആശങ്കകള്‍ ആശങ്കകളെ.
പേടി പേടിയെ.
വേദനകള്‍ വേദനകളെ.
പ്രണയം മാത്രം പക്ഷേ, രീതി തെറ്റിച്ചു.
ചിലപ്പോള്‍ മച്ചിയായി.
മറ്റുചിലപ്പോള്‍ ചാപിള്ളകളെ മാത്രം പ്രസവിച്ചു.

* * * *

പതിനാറാംനിലയുടെ മുകളില്‍ നിന്നും
താഴേക്കു ചാടാമെന്നുകരുതി.
നോക്കുമ്പോള്‍
“മരണം മരണം“ എന്നെഴുതിയിരിക്കുന്നു.
എങ്കില്‍ മുകളിലേക്കു കയറാമെന്നോര്‍ത്തു.
അപ്പോള്‍ “പ്രണയം പ്രണയം” എന്നെഴുതിയിരിക്കുന്നു.
രണ്ടിനോടും ഭയമാകയാല്‍
പുറപ്പെട്ടില്ല.

* * * *

സ്നേഹിക്കുന്നുവെന്ന്
നിന്നെ ഞാന്‍ തെറ്റിദ്ധരിപ്പിക്കുന്നു.
സ്വപ്നങ്ങളില്‍ കുത്തിക്കൊല്ലുന്നു.
രഹസ്യമായി വെറുക്കുന്നു.
ഹാ, എന്തൊരു സുഖം!

Friday, August 28, 2009

ഒരു പെണ്ണിന്റെ കഥ

അങ്ങനെ അവള്‍
വ്യഭിചരിക്കാന്‍ തീരുമാനിച്ചു.

പഴയ പഞ്ഞിക്കിടക്ക കുടഞ്ഞു വിരിച്ചു.
കഴുത്തിറക്കമുള്ള ബ്ലൌസിനുള്ളില്‍
എന്തെല്ലാമോ ഒളിക്കുന്നതായി ഭാവിച്ച്
പഞ്ചായത്തു റോഡിലൂടെ നടന്നുനോക്കി.
കല്‍ച്ചീളു തട്ടി ഉപ്പൂറ്റി മുറിഞ്ഞു
ചീട്ടുകളിപ്പുരയുടെ ജനലിലൂടെ
ഭര്‍ത്താവ് ഉച്ചത്തില്‍ തെറി വിളിച്ചു.

വൈകുന്നേരം
തോട്ടിന്‍ കരയിലവള്‍
കുളിക്കാനെന്ന മട്ടില്‍ തുണിയുരിഞ്ഞു.
ഒളിഞ്ഞുനോക്കുന്ന കണ്ണുകള്‍ക്കു വേണ്ടി
മലര്‍ന്നും ചെരിഞ്ഞും നീന്തി.
കുളിച്ചു കയറുമ്പോള്‍
തവളകള്‍ കളിയാക്കിച്ചിരിച്ചു.

വിളക്കില്‍ എണ്ണ തീര്‍ന്നതിനാല്‍
രാത്രി, വീടുമുഴുവന്‍ ഇരുട്ടായിരുന്നു.
അവള്‍ക്കു അവളെത്തന്നെ കാണാന്‍ കഴിഞ്ഞില്ല.

പഞ്ഞിക്കിടക്ക തണുത്തുപോയിരുന്നു
അവള്‍ വാവിട്ടു കരഞ്ഞു.

അത്രയ്ക്കു വിശക്കുന്നുണ്ടായിരുന്നു.

Monday, August 17, 2009

ഉറക്കം

മലമുകളില്‍ നിന്ന്
നക്ഷത്രങ്ങളെ തൊടാവുന്ന
അകലത്തില്‍ നില്‍ക്കുമ്പോള്‍
എനിക്കു സ്വപ്നഭ്രംശമുണ്ടായി.

ഖനനം ചെയ്യപ്പെടാതെ
ഭൂമിയുടെ അടിമടക്കുകളില്‍
അലിഞ്ഞുകിടന്ന സ്വര്‍ണ്ണത്തരികളെപ്പോലെ,
കണ്ടെടുക്കപ്പെടാതെ
കടല്‍ഗര്‍ഭത്തില്‍ ഒളിഞ്ഞുകിടന്ന
മുത്തു പോലെ
ഞാന്‍ ഉറങ്ങിക്കിടന്നു.

ഭൂമിയില്‍ മഴ പെയ്യുന്നുണ്ടായിരുന്നു.
രാത്രികാലങ്ങളില്‍ പ്രകാശച്ചിരിയുമായി
നക്ഷത്രങ്ങള്‍ എന്നെ തിരക്കുന്നുണ്ടായിരുന്നു.
മഞ്ഞുപോലുള്ള ഒരു പക്ഷി
എന്റെ ചില്ലകള്‍ തിരഞ്ഞ്
പറന്നു തളരുന്നുണ്ടായിരുന്നു.
എന്റെ ലവണങ്ങള്‍ പതിച്ചുകിട്ടാത്തതില്‍
കാറ്റ് അസ്വസ്ഥനായിരുന്നു.

കണ്ണാടിജനലിലൂടെ കടന്നുകയറി
ഒരു പ്രകാശകിരണം
എന്നാണെന്നെ വെളിപ്പെടുത്തുക?
സൂചിമുഖികള്‍
കോളാമ്പിപ്പൂക്കളെ ഉമ്മവയ്ക്കുന്ന
വേലിപ്പടര്‍പ്പിനുള്ളില്‍
തടവിലാക്കുക?
പ്രണയത്തിന്റെ കടല്‍പ്പാട്ടു കേള്‍പ്പിച്ച്
എന്റെ നനഞ്ഞ മണലില്‍
ചിത്രം വരയ്ക്കുക?

Sunday, August 16, 2009

ആണ്‍മരം

നീ
തേന്‍ നിറമുള്ള ഒരു ഒറ്റമരമാണ്.
ഇലകള്‍ പടര്‍ന്ന് ചില്ലകളാട്ടുന്ന മരം.
നോക്കിനില്‍ക്കെയുള്ള ചാഞ്ചാട്ടങ്ങളാല്‍
എന്നെ ഭയപ്പെടുത്തുന്ന വന്‍മരം.
നിന്റെ സൂക്ഷാണുക്കളിലെല്ലാം
സ്വപ്നം പെയ്യിച്ച രേതസ്സിറ്റുനില്‍ക്കുന്നു.

നിന്റെ കനിമധുരങ്ങള്‍ നുകര്‍ന്ന്
തടിമിനുക്കത്തെ പുണര്‍ന്ന്
നിഴല്‍ത്തണുപ്പില്‍ അമര്‍ന്നുകിടക്കാന്‍
എനിക്കു കൊതിയില്ല.

പകരം

വേരുകള്‍ ചിതറിയ മണല്‍ക്കെട്ടിനുള്ളില്‍
എന്നെ കൂടി അടക്കം ചെയ്താല്‍ മതി.
എന്നിലെ ഖരവും ജലവും
നീ വലിച്ചെടുക്കുക.
നമ്മള്‍ ഒരു നിത്യാശ്ലേഷത്തില്‍ അമര്‍ന്നുകഴിയുമ്പോള്‍
കോടാലിയുമായി അവര്‍ വന്നു കൊള്ളട്ടെ.
നിന്നെ വെട്ടിനുറുക്കിക്കൊള്ളട്ടെ.