Labels

Friday, January 1, 2010

നിലവിളിക്കുന്ന ഒരു...

ഇനി,
എന്റെ മനസ്സ്
നിനക്കായി വെളിപ്പെടുകയില്ല.
ഒരു ഇരുള്‍ക്കാടിന്റെ
കറുപ്പുമാത്രം നീ കാണും.
കാട്ടുമൃഗത്തിന്റെ മുരള്‍ച്ച.
നിഗൂഢതയുടെ കനപ്പ്.
അപ്രാപ്യത.
അത്രമാത്രം.

എന്റെ ഹൃദയത്തില്‍
ഞാവലുകള്‍ പൂവിടും.
നിലാവിന്റെ വെണ്‍കുടയ്ക്കു കീഴില്‍
രാപ്പക്ഷികള്‍ പാട്ടുപാടും.
മേടുകളില്‍ മാനുകള്‍ ഓടിക്കളിക്കും
പ്രണയത്തിന്റേതുമാത്രമായ ഒരു ഗന്ധം
അവയിലെല്ലാം തുടിച്ചു നില്‍ക്കും.

എന്റെ ഒറ്റനിലമാളികയില്‍
നിന്നെക്കുറിച്ചുള്ള ഓര്‍മ്മകള്‍
തിക്കിത്തിരക്കി നില്‍ക്കും.
ഓരോ അണുവും
നിന്നെക്കാത്തുനിന്ന്
മോഹിച്ചു വീര്‍പ്പുമുട്ടും.

നീ അതൊന്നും അറിയുകയില്ല.
കുളിരരിക്കാന്‍ തുടങ്ങുന്ന ഒരു കനല്‍
എന്റെ നെഞ്ചിലുണ്ടെന്ന്
നിനക്കോര്‍മ്മ വരികയില്ല
നിന്നെ ഘോഷിക്കാനുള്ള
ഉത്സവത്തിന്
നീ വന്നെത്തുകയുമില്ല.

പിറ്റേപ്പുലര്‍ച്ചയില്‍
മിണ്ടാട്ടമില്ലാത്ത മണല്‍പ്പരപ്പില്‍
മഴ നനച്ചിട്ട കാവടിപ്പൂവുകള്‍
എന്തിന്റെ ബാക്കിയെന്നു
നീ വിസ്മയിക്കും.
ഏതെടുത്താലും പത്തു രൂപയുള്ള
വാണിഭശാലകളില്‍
ചുറ്റിത്തിരയുന്ന നിന്നെ കണ്ട്
ദൈവം പൊട്ടിച്ചിരിക്കും.

***

6 comments:

  1. പിറ്റേപ്പുലര്‍ച്ചയില്‍
    മിണ്ടാട്ടമില്ലാത്ത മണല്‍പ്പരപ്പില്‍
    മഴ നനച്ചിട്ട കാവടിപ്പൂവുകള്‍
    നല്ല വരികൾ... നന്നായിട്ടുണ്ട്‌.. പുതുവൽസരാശംസകളും നേരുന്നു

    ReplyDelete
  2. പ്രണയം ഒരു വിഷദ്വീപാണ്. അതിലേക്കു രണ്ടു വഴികളെ ഉള്ളു. ഒന്ന് അങ്ങോട്ട്‌ തോണി തുഴയാതിരിക്കുക. മറ്റൊന്ന് ദ്വീപിലിറങ്ങി മരിക്കുക...
    കാല്പനീക സൌഭഗമുള്ള വരികള്‍. നന്നായിട്ടുണ്ട്..., ഈ വഴി തുടരുമല്ലോ.
    കവിത പ്രേമിക്കുന്നത് ആഴങ്ങളെ ആണ്. നല്ല അനുവാചകന്‍ അതില്‍ കൂടുതല്‍ ഒന്നും തിരയുന്നില്ല.

    ReplyDelete
  3. പ്രണയത്തിന്റെ മായക്കാഴ്ചകള്‍;കാണാപ്പുറങ്ങള്‍ ....
    വരികള്‍ നന്നായി

    ReplyDelete
  4. നീ അതൊന്നും അറിയുകയില്ല.
    കുളിരരിക്കാന്‍ തുടങ്ങുന്ന ഒരു കനല്‍
    എന്റെ നെഞ്ചിലുണ്ടെന്ന്
    നിനക്കോര്‍മ്മ വരികയില്ല
    നിന്നെ ഘോഷിക്കാനുള്ള
    ഉത്സവത്തിന്
    നീ വന്നെത്തുകയുമില്ല.

    ReplyDelete