Labels

Sunday, January 10, 2010

സ്വപ്നവ്യൂഹം

സ്വപ്നങ്ങളാവാം.
തായ്‌വേരുണങ്ങിയ പാഴ്മരം
വീണുപോയ്, തോന്നലാവാം.
നീളനുറക്കത്തില്‍ ദിക്കുകള്‍ ബന്ധിച്ചു
തോല്‍പ്പന്തുതട്ടി രസിക്കയാവാം

കണ്മുന്നിലെല്ലാം മലം
നൂല്‍മറയില്ലാതെ ചൂളുന്ന നഗ്നത
കാല്‍ വിരല്‍ ചുംബിച്ച കാമുകന്‍
പാദം പുണര്‍ന്നുപായുന്ന സര്‍പ്പം
ഉള്‍വയറ്റിന്‍ നീര്‍ന്നുരസ്പന്ദനം
ചുറ്റിപ്പിഴുത നീണ്ട ചുരുള്‍മുടി
ചോര കൊഴുത്ത വിരലുകള്‍
ആള്‍ത്തിമിര്‍പ്പില്‍ കൈവിട്ട കുഞ്ഞ്
ഓടിച്ചിഴയ്ക്കുന്ന ഭൂതങ്ങള്‍

സ്വപ്നങ്ങളാവാം.

ചിറ്റമൃതും കീഴാര്‍നെല്ലിയുമേറ്റി
സൈക്കിളിലച്ഛന്‍.
എത്രനാളായൊന്നു കണ്ടിട്ട്!
കെട്ടിപ്പിടിച്ചപ്പോള്‍
ഉരസി മുള്ളന്‍ താടി,
ഉടലില്‍ തൈലഗന്ധം, അതേ ചൂട്.
കാലില്‍ നീരുണ്ടോ?
ഞെട്ടിത്തിരയുമ്പോള്‍,
മുറ്റത്തു വള്ളിപ്പാല,
വെളുത്ത ശംഖുപുഷ്പം.

പ്രണയമേയില്ലെന്ന്
ജന്മം കുടയായെടുത്തവന്‍
പ്രളയമായ്നിന്നിട്ടും
കരളുരുകാത്തവന്‍
കുഞ്ഞുമോനൊന്നിച്ചു പോകണം.
ശ്വാസം കുരുങ്ങുമ്പോള്‍
നോവുമോ പൊന്നിന്?
മീനുകള്‍ ചൂടോടെ തിന്നുമോ
പൂന്തളിര്‍ മേനി?

അയ്യോ, ഒന്നുണര്‍ന്നെങ്കില്‍...

പ്രിയോര്‍മാങ്ങകള്‍ വീഴാന്‍
ഉച്ചവെയിലിനോടൊപ്പം
തിണ്ണയില്‍ കാത്തുകിടന്നേയുള്ളൂ.
പീഞ്ഞാറി പാറിച്ച കാറ്റ്
കൊന്നമേല്‍ കൈവച്ചതേയുള്ളൂ.
റാട്ടുപുരയിലെ പെണ്ണുങ്ങള്‍
ഉച്ചത്തിലിപ്പോള്‍ ചിരിച്ചേയുള്ളൂ.
ചൂടന്‍ കിഴങ്ങിന്‍ മണവുമായ്
അമ്മവന്നിപ്പോഴുണര്‍ത്തും.
കാപ്പിയൂതുമ്പോള്‍ ചോദിക്കണം,
ഒരിലഞ്ഞിമാല ശ്രീമുരുകനിട്ടാല്‍
തീരുമോ, ഈ സ്വപ്നതാണ്ഡവം.

****

9 comments:

  1. ആ സ്വപ്നങ്ങളിലും ഒരു സുഖമില്ലേ?
    മുരുകന് മാലയിട്ട് അവയെ കൊല്ലണോ?

    നന്നായിട്ടുണ്ട്.

    ReplyDelete
  2. പേടിസ്വപ്നങ്ങള്‍ എല്ലാം ഒടുങ്ങുന്നത് അമ്മേ എന്നൊരു വിളിയിലാണ്,വിളി കേള്‍ക്കാന്‍ അമ അടുത്തുണ്ടെങ്കില്‍ എല്ലാം ആനിമിഷം തന്നെ മറക്കാം അല്ലെങ്കില്‍ അതിങ്ങനെ പിന്നേയും ചുറ്റികറക്കി കൊണ്ടിരിക്കും :)

    ReplyDelete
  3. സ്വപ്നത്തിനും സത്യത്തിനുമിടയിലെ നൂൽപ്പാലം എത്രയോ നേർത്തതാണ്‌ ..അല്ലേ...?

    വരികളിൽ നീറ്റലുണ്ട്‌.

    ReplyDelete
  4. മനസ്സില്‍ തട്ടിയ സ്വപ്നം

    ReplyDelete
  5. അരക്ഷിതമായ സ്വപ്നങ്ങളുടെ ഇരുള്‍ നിലങ്ങളില്‍
    കൈകാലിട്ടടിച്ച് നമ്മള്‍ നിസ്സഹായരായ്..

    ....ആദ്യമായാണിവിടെ എന്നു തോന്നുന്നു.
    ഇനിയും വരാം...

    ReplyDelete
  6. മികച്ച കവിത. നല്ല ഒതുക്കം, തികവ്!

    ReplyDelete