Labels

Monday, August 17, 2009

ഉറക്കം

മലമുകളില്‍ നിന്ന്
നക്ഷത്രങ്ങളെ തൊടാവുന്ന
അകലത്തില്‍ നില്‍ക്കുമ്പോള്‍
എനിക്കു സ്വപ്നഭ്രംശമുണ്ടായി.

ഖനനം ചെയ്യപ്പെടാതെ
ഭൂമിയുടെ അടിമടക്കുകളില്‍
അലിഞ്ഞുകിടന്ന സ്വര്‍ണ്ണത്തരികളെപ്പോലെ,
കണ്ടെടുക്കപ്പെടാതെ
കടല്‍ഗര്‍ഭത്തില്‍ ഒളിഞ്ഞുകിടന്ന
മുത്തു പോലെ
ഞാന്‍ ഉറങ്ങിക്കിടന്നു.

ഭൂമിയില്‍ മഴ പെയ്യുന്നുണ്ടായിരുന്നു.
രാത്രികാലങ്ങളില്‍ പ്രകാശച്ചിരിയുമായി
നക്ഷത്രങ്ങള്‍ എന്നെ തിരക്കുന്നുണ്ടായിരുന്നു.
മഞ്ഞുപോലുള്ള ഒരു പക്ഷി
എന്റെ ചില്ലകള്‍ തിരഞ്ഞ്
പറന്നു തളരുന്നുണ്ടായിരുന്നു.
എന്റെ ലവണങ്ങള്‍ പതിച്ചുകിട്ടാത്തതില്‍
കാറ്റ് അസ്വസ്ഥനായിരുന്നു.

കണ്ണാടിജനലിലൂടെ കടന്നുകയറി
ഒരു പ്രകാശകിരണം
എന്നാണെന്നെ വെളിപ്പെടുത്തുക?
സൂചിമുഖികള്‍
കോളാമ്പിപ്പൂക്കളെ ഉമ്മവയ്ക്കുന്ന
വേലിപ്പടര്‍പ്പിനുള്ളില്‍
തടവിലാക്കുക?
പ്രണയത്തിന്റെ കടല്‍പ്പാട്ടു കേള്‍പ്പിച്ച്
എന്റെ നനഞ്ഞ മണലില്‍
ചിത്രം വരയ്ക്കുക?

3 comments:

  1. മൂന്നു്‌ കവിതകള്‍....വായിച്ചിരിക്കാന്‍ രസമുണ്ട്.
    എഴുത്തിന്റെ മുറുക്കം തോന്നുന്നുണ്ട്.
    ‘ടി’ എന്ന പേജിലെ നാലാമത്തെ ഒരു തോമസ്.:)
    ഇത്തരം പ്രയോഗങ്ങള്‍ കണ്ടിട്ട് മിണ്ടാതെ പോകാന്‍ തോന്നുന്നില്ല.
    ആശംസകള്‍.

    ReplyDelete
  2. എല്ലാ കവിതകളിലും. വരികളുടെ, ഭാവനയുടെ കരുത്തറിയുന്നു

    മനോഹരം ഈ എഴുത്ത്‌

    ReplyDelete
  3. it is interesting and impressive ...smells a future Kavayathri in our language ...

    Wish you good luck !

    ReplyDelete