Saturday, August 15, 2009

ചര്‍മ്മരോഗങ്ങള്‍

നീളന്‍ മുടിക്കാരാ..
ഇടയ്ക്കിടെ ഇങ്ങനെ നോക്കുന്നതെന്തിന്?
ഈ മഞ്ഞളിച്ച സന്ധ്യാനേരത്ത്
ദിവ്യമായി നീ സംഭവിപ്പിക്കാന്‍ പോകുന്നതെന്തെന്ന്
എനിക്കറിയാം..

ഞാന്‍ എളുപ്പം വളയുന്നവളാണെന്ന്
എന്റെ ശരീര രസതന്ത്രം
നിന്നോടു പറയുന്നുണ്ടാവാം
ലുബ്ധില്ലാതെ ചൊരിഞ്ഞുകളയാന്‍
പ്രണയ നാട്യങ്ങളോളം വിലകുറഞ്ഞ
മറ്റെന്തുണ്ടു ഭൂമിയില്‍?

കാല്‍നഖം മുതല്‍ മുടിത്തുമ്പുവരെ
ഞാന്‍ പേറി നടക്കുന്ന രഹസ്യങ്ങള്‍
നീ കണ്ടെടുക്കും വരെ:
എന്റെ ഭൂമിശാസ്ത്രത്തില്‍
നീ കപ്പലോടിക്കും.
ആദ്യയാത്രകളില്‍ മാത്രം കാണാന്‍ കഴിയുന്ന
എന്ടെ തോട്ടത്തിലെ മാമ്പൂക്കള്‍
നിന്നെ മദിപ്പിച്ചു കൊല്ലും.
നീറുന്ന ചുനപ്പു പോലും
ലഹരി പിടിപ്പിക്കും
മടക്കയാത്രയില്‍ പക്ഷേ, നീ തിടുക്കത്തിലായിരിക്കും;
നീറുകള്‍ കൂട്ടമായി പിന്‍തുടരുന്നതു പോലെ.

എന്നാലുമെന്ത്?
ആദ്യമായി പ്രണയിക്കുന്നവനെപ്പോലെ
നിന്റെ കണ്‍നിറയെ കൌതുകം.
മോഹിപ്പിക്കുന്നവയെങ്കിലും
സ്പര്‍ശങ്ങള്‍ക്കു കുലീനതയുടെ നാട്യം.
നിന്റെ ചോരപ്പാച്ചിലിലുണ്ട്,
വിലക്കുറവിനു ഒത്തുകിട്ടിയ
കളവുമുതലിനോടുള്ള ആക്രാന്തം.

മനസ്സടച്ചിട്ട്
ശരീരത്തിന്റെ മാത്രം കവാടങ്ങളിലൂടെ
ആണിനെ പ്രവേശിപ്പിക്കുന്നവളാണു ഞാന്‍.
ഒറ്റയ്ക്കാവുമ്പോഴും ഒളിച്ചാവുമ്പോഴും മാത്രമുള്ള
ആണിന്റെ ധീരത കണ്ടു രസിച്ചിട്ടുള്ളവള്‍.
ഓരോ സ്ഖലനത്തിനു ശേഷവും
നിരായുധനായിത്തീരുന്നവനെ കണ്ട്
ചിരിയടക്കിയിട്ടുള്ളവള്‍.
രതിമുര്‍ച്ഛ പോലും
അഭിനയിച്ചു ഫലിപ്പിക്കാനറിയുന്നവള്‍.

മഴക്കാലത്തു മാത്രം കവിഞ്ഞൊഴുകുന്ന കുളം പോലെ
മഹാശുഷ്കയാണു ഞാനെന്നു
നീ കണ്ടെത്തുന്ന ദിവസത്തൊളം
ഞാന്‍ നിന്നെക്കൊണ്ടു കപടസത്യങ്ങള്‍ ഇടുവിക്കും.
നിന്നെ കരയിക്കും.
രതിയുടെ അമിട്ടുകൊട്ടാരത്തിലിട്ട്
അടിമപ്പണി ചെയ്യിക്കും.
നിന്റെ അത്താഴവും പ്രിയതമയും
വീട്ടിലിരുന്നു ആറിത്തണുക്കും.
പിന്നെ, നിന്നെ ഞാനായിത്തന്നെ ഉപേക്ഷിക്കും.

നീ എന്തറിയുന്നു, കഷ്ടം.
നിനക്കിപ്പോള്‍ ഞാന്‍
തരത്തിനു ഒത്തു കിട്ടിയ ഒരു പെണ്ണ്.
എനിക്കു നീ
എന്റെ ടെലിഫോണ്‍ പുസ്തകത്തിലെ
‘ടി’ എന്ന പേജിലെ
നാലാമത്തെ ഒരു തോമസ്.

13 comments:

 1. സംഭവം കൊള്ളാം പക്ഷെ ചര്‍മ്മ രോഗം എന്ന പേരു മാത്രം പിടി കിട്ടിയില്ല.

  ReplyDelete
 2. ഞാന്‍ നിന്നെക്കൊണ്ടു കപടസത്യങ്ങള്‍ ഇടുവിക്കും.
  നിന്നെ കരയിക്കും.
  രതിയുടെ അമിട്ടുകൊട്ടാരത്തിലിട്ട്
  അടിമപ്പണി ചെയ്യിക്കും.
  നിന്റെ അത്താഴവും പ്രിയതമയും
  വീട്ടിലിരുന്നു ആറിത്തണുക്കും.
  പിന്നെ, നിന്നെ ഞാനായിത്തന്നെ ഉപേക്ഷിക്കും

  നന്നായിരിക്കുന്നു ആശംസകൾ

  ReplyDelete
 3. നിന്റെ അത്താഴവും പ്രിയതമയും
  വീട്ടിലിരുന്നു ആറിത്തണുക്കും.

  ടി’ എന്ന പേജിലെ
  നാലാമത്തെ ഒരു തോമസ്....

  നല്ല പ്രയോഗങ്ങൾ.... നല്ല എഴുത്ത്.

  ReplyDelete
 4. resmiiiiiiiii എന്താണു പറയുകയെന്നറിയില്ല പുതിയ പെണ്‍ ഭാവന എന്നായാലോ

  ReplyDelete
 5. :)))

  എന്താ പറയുക

  നന്നായിരിക്കുന്നു..!!!

  ReplyDelete
 6. കവിയിൽ ഇതെഴുതിയപ്പോൽ ആരാണ് ആവേശിച്ചിരുന്നത്? ആണിന്റെ ശിരസ്സ് കാലടിയിൽ ചവുട്ടിഅരയ്ക്കപ്പെട്ട പോലെ.

  ReplyDelete
 7. വളരെ നല്ല കവിത. ആണ്മരം പോലെത്തന്നെ കവിത നന്നായി ഒഴുകുന്നുണ്ട് . എന്നാൽ പ്രസ്താവന പോലുള്ള ചില പ്രയോഗങ്ങൾ കടന്നു വന്ന് കവിതയെ ഒഴുകാൻ വിടുന്നില്ലെന്നു തോന്നും, ശ്രദ്ധിക്കുമല്ലോ, ആശംസകളോടെ

  ReplyDelete
 8. പെണ്ണിനെ തരത്തിൽ കിട്ടിയാൽ അർദ്രഹൃദയനായി അവൾക്കു മുന്നിൽ പ്രണയനാടകം ആടിയിട്ട് കൂട്ടുകാർക്കിടയിൽ അവളെക്കുറിച്ച് ആഭാസം പറയുന്ന ആണിന്റെ കാപട്യത്തിനു നേർക്കുള്ള ചാട്ടവാറാണ് ഈ സൃഷ്ടി.........

  ReplyDelete
 9. ഉടലെഴുതിന്റെ സൂക്ഷ്മത ....

  ReplyDelete
 10. ethuru charmarogam thanne sammathichirikkunnu..

  ReplyDelete
 11. rashmi... njan enthodo parayende ???... really awesome ..

  ReplyDelete