Labels

Sunday, November 22, 2009

നൂല്‍ബന്ധം

ഒക്കത്തും വിരല്‍ത്തുമ്പിലും
ഓരോ കിടാങ്ങളുമായി
കൂട്ടുകാരി വന്നു.

കുട്ടിക്കാലം പങ്കുവച്ചവള്‍
ഒരു കയ്യാല്‍ ചര്‍ക്ക തിരിച്ച്
കണ്ണും ചുണ്ടും കൂര്‍പ്പിച്ചു വച്ച്
കുഞ്ഞിലേ നൂല്‍ചുറ്റിക്കൊണ്ടിരുന്നവള്‍.

ആണ്‍പിള്ളേര്‍ ആര്‍പ്പിടുന്ന പുല്‍മൈതാനത്തില്‍
അവളോടൊപ്പം തുള്ളിച്ചാടാന്‍ പോകുന്നതിന്റെ
ഉന്മാദത്തില്‍
ഞാനും ചര്‍ക്ക തിരിച്ചു.
ഉണക്കിയ പാവുമായി
വല്യച്ഛന്‍ വീട്ടിലെത്തും മുന്‍പേ
പണി തീരില്ലേ എന്ന പേടിയായിരുന്നു അവള്‍ക്ക്.

തറിത്തട്ടിലിരുന്നപ്പോള്‍
ചവിട്ടുകോലില്‍ കാലെത്തിയ ദിവസം
അവള്‍ നെയ്ത്തുകാരിയായി.
എനിക്കു മുന്‍പേ വയസ്സറിയിച്ചു
നിറം വച്ചു.
പുഴുങ്ങിയ മരക്കിഴങ്ങും ചക്കക്കുരുവും
മിനുപ്പു കൂട്ടി.
ചീട്ടിത്തുണിയിലെ തുന്നല്‍ വേലികള്‍ക്കുള്ളില്‍
ചന്തങ്ങള്‍ തുളുമ്പി നിന്നു.
അല്പം പൊങ്ങിയ പല്ലായിരുന്നെങ്കില്‍
ചിരിക്കുമ്പോള്‍ പൂ വിടരുമായിരുന്നു എന്നു
കൊതിപ്പിച്ചു.
വിലകുറഞ്ഞ സോപ്പുമണത്തിനായി
ഞാന്‍ വിടാതെ മുട്ടിയുരുമ്മി.

കളിസ്ഥലങ്ങള്‍ കൈവിട്ടശേഷം
തറിയില്‍ മാത്രം കണ്ണുനട്ട്
അവള്‍ സംസാരിച്ചു.
ഊടും പാവും ഇണ ചേര്‍പ്പിച്ചു.
ഉടക്കുകള്‍ പറഞ്ഞുതീര്‍ത്തു
പഴന്തുണികളുടുത്ത് കസവുപുടവകള്‍ പണിതു.
എനിക്ക് ആദ്യം കിട്ടിയ പ്രേമലേഖനം വായിച്ച്
നൂല്‍ക്കുട്ടയില്‍ വീണുകിടന്നു ചിരിച്ചു.

കല്യാണം ചെയ്തവന്‍
കല്‍പ്പണിക്കാരനായതിനാലാവാം
അവളുടെ നെഞ്ച്
നെയ്ത്തുതാളങ്ങള്‍ മറന്നു.
ഞാന്‍ അവളേയും.

ഒക്കത്തും വിരല്‍ത്തുമ്പിലും
കിടാങ്ങളുമായി
വന്നു, എന്റെ കൂട്ടുകാരി.
ഇത്തള്‍ മഞ്ഞപ്പിച്ച പല്ലുകള്‍
കീഴ്ചുണ്ടില്‍ തറഞ്ഞുനില്‍ക്കുന്നു.
കൈകളില്‍
തറിപ്പണിയേക്കാള്‍ തഴമ്പ്.
വിണ്ട പാദങ്ങള്‍ നീട്ടി
അവള്‍ നിലത്തിരുന്നു.

അവളുടെ വിയര്‍പ്പിലും വായ്നാറ്റത്തിലും
എന്റെ മുഖം ചുളിഞ്ഞോ...
മൂക്കിള ചാടിയ കുട്ടികള്‍ക്കൊപ്പം
എന്റെ മകള്‍ ഓടിക്കളിച്ചപ്പോള്‍
നെഞ്ചിടിച്ചത് അവള്‍ കേട്ടിരിക്കുമോ?

***

11 comments:

  1. മനോഹരമായിരിക്കുന്നു എല്ലാ കവിതകളും..ആശംസകള്‍..

    ReplyDelete
  2. കേട്ടിട്ടുണ്ടാവില്ല. നമുക്കും മുന്‍പേ നമ്മെ വായിക്കാന്‍ അനുഭവങ്ങള്‍ അവളെ പഠിപ്പിച്ചിട്ടുണ്ടാകും.

    ReplyDelete
  3. രശ്മീ,
    പച്ചയായ അനുഭവം ഹൃദ്യമായി പറഞ്ഞിരിക്കുന്നു.
    വായിച്ചപ്പോള്‍ എന്റെ ഹൃദയവും ക്രമം തെറ്റി ഒന്ന് മിടിച്ചൂ!

    ReplyDelete
  4. കാലം പറഞ്ഞ് വച്ച മാറ്റമായിരുന്നോ അത്.....

    ReplyDelete
  5. പുതുമയുള്ള പ്രമേയപരിസരം...
    തെറ്റില്ലാത്ത എഴുത്ത്...
    അമിതവൈകാരികതയില്ലാതെ അവതരിപ്പിച്ചു.

    ReplyDelete
  6. വളരെ അപരിചിതത്വമുള്ള ഒരു പ്രമേയ പരിസരത്ത് കൂടി
    കടന്നു വളരെ അടുപ്പമുള്ള രണ്ടാള്‍ക്കൊപ്പം മനസ് തിരികെയെത്തുന്നു .
    വളരെ അനുഭവിപ്പിക്കുന്ന വരികളുടെ കയ്യടക്കമുള്ള അവതരണം
    നന്നായെന്നു പറയേണ്ടല്ലോ

    ReplyDelete
  7. നല്ല അവതരണം... നന്നായിരിക്കുന്നു!

    ReplyDelete
  8. അവളുടെ വിയര്‍പ്പിലും വായ്നാറ്റത്തിലും
    എന്റെ മുഖം ചുളിഞ്ഞോ...
    മൂക്കിള ചാടിയ കുട്ടികള്‍ക്കൊപ്പം
    എന്റെ മകള്‍ ഓടിക്കളിച്ചപ്പോള്‍
    നെഞ്ചിടിച്ചത് അവള്‍ കേട്ടിരിക്കുമോ?

    ReplyDelete
  9. paranju vanna seriousness kavithayude avasanathil kandilla. ath nirasapeduthi enn thanne paryam

    ReplyDelete