വേലിപ്പുറത്തെവിടെയോ
ചുവന്ന കുപ്പായമിട്ട് നിന്നിരുന്ന
ഒന്നിനും പോരാത്ത വെറും ചെമ്പരത്തി.
നിന്നെ കൊതിച്ചിരുന്നില്ല
സ്വപ്നം കണ്ടിരുന്നുമില്ല
ഒറ്റ ദിവസത്തിന്റെ ഒറ്റവിസ്മയത്തില്‍
തീര്‍ന്നു പോകാന്‍ മാത്രം പോന്ന
എന്നെ നീ...
ഉള്ളം കയ്യില്‍ പൊന്‍ നാണയം കണക്കെ
കൂട്ടിപ്പിടിക്കുമെന്നു കരുതി
ഒപ്പം പുറപ്പെട്ടവള്‍.
പ്രാണനും ആത്മാവും ഒറ്റവരിയില്‍
സൂക്ഷിക്കാന്‍ തന്നവള്‍
വിസമ്മതങ്ങളേക്കാള്‍
വിലപറയിക്കുന്ന നാട്യങ്ങളാണ് നല്ലതെന്ന്
അന്ന് മുതല്‍ ആഴങ്ങളില്‍ അനുഭവിച്ചവള്‍
ആഭിചാരം ചെയ്യപ്പെട്ട കന്യകയുടെ വിഭ്രാന്തികള്‍
നിന്റെ ചതുരങ്ങളില്‍ ഒടുങ്ങിപ്പോയി.
നീ വരച്ച വഴികള്‍, പഠിപ്പിച്ച മൊഴികള്‍
കിടത്തിയുറക്കിയ മെത്തകള്‍
ഉരിഞ്ഞു മാറ്റപ്പെട്ട കുപ്പായങ്ങള്‍
നിന്റെ ഉച്ച്വാസങ്ങള്‍ക്ക് കൂടി
സുഗന്ധമാണല്ലോ എന്ന് അതിശയിച്ച
എന്റെ നിഷ്ക്കളങ്കതയുടെ
ഏറ്റവും അവസാനത്തെ അടരുകള്‍...
എന്റെ പഴക്കങ്ങളെല്ലാം
അന്നേ പഴകിപ്പോയി.
ചുണ്ടിന്റെ നീലിച്ച നിറം പോയി.
വിയര്‍പ്പിന്റെ ശീമക്കൊന്ന മണം പോയി.
ആത്മാവിനെ പൊരിച്ചെടുക്കുന്ന
വേനലായിരുന്നു നീ.
സ്നേഹത്തിനു പനിച്ചപ്പോള്‍ മരുന്നുതന്നു
മരുന്നിനു പനിച്ചപ്പോള്‍ മാറിനടന്നു
വിശന്നപ്പോള്‍ ഉറക്കം നടിച്ചു
ഒറ്റയ്ക്കാക്കല്ലേയെന്ന് കേണപ്പോള്‍
ആള്‍ത്തിരക്കിലേക്ക് ഇറക്കിവിട്ടു
ഏകാന്തതയും പരദേശികളും
ഭേദ്യം ചെയ്യുമ്പോള്‍ മാറി നിന്നു ചിരിച്ചു.
മനസ്സ്,
കൊതികളും ചിരികളുമുണ്ടായിരുന്ന ശരീരം,
അനാകുലം പുറപ്പെട്ടിരുന്ന സ്വപ്നങ്ങള്‍...
അടര്‍ന്നു പോയി,
നിന്റെ ഉഗ്രാലിംഗനങ്ങളില്‍..
മതിയെന്റെ നഗരമേ..
നിന്റെ വെള്ളിനൂല്‍ക്കുരുക്കുകള്‍
അഴിച്ചെടുത്ത്
കടലിനപ്പുറത്തേക്ക് കതകടച്ചിറങ്ങുമ്പോള്‍
തിരിഞ്ഞു നോക്കണം നിന്നെ ..
എനിക്ക് മാത്രം പോന്ന
നിര്‍മമതയോടെ...