Labels

Tuesday, September 7, 2010

കഥാസാരം

ദൈവത്തിന്റെ കടയില്‍
മുന്‍വിധികള്‍ വില്‍ക്കാന്‍ വച്ചിരിക്കുന്നെന്നു കേട്ടു.
വാങ്ങാന്‍ ചെന്നപ്പോള്‍
രണ്ടെണ്ണം മാത്രം ബാക്കി.


"ഇഷ്ടമുള്ളതെടുക്കാം“ ദൈവം കണ്ണിറുക്കി.


രണ്ടും അനാകര്‍ഷകം
വിരക്തം.അവ്യക്തം.
ഞാന്‍ രണ്ടുമെടുത്തു.


ഒന്നാമത്തേത് ഒരു യോഗിനിയുടേതുപോലെ.
നിസ്സംഗമായ തലക്കെട്ട്
നിറഭേദങ്ങളില്ലാത്ത
പകര്‍ത്തെഴുത്തുപോലുള്ള ദിവസങ്ങള്‍
അരക്കെട്ടു വരെ മുഴുസ്വാതന്ത്ര്യം
കാലില്‍ അദൃശ്യമായ ചങ്ങലക്കിലുക്കം
ഒറ്റജാലകത്തിന്റെ ഫ്രെയിമില്‍ ലോകം ചുരുണ്ടുകിടന്നു
ആരാധിക്കാന്‍,
അമാനുഷികരും പെണ്‍ഛായയുള്ളവരുമ‍ായ
നായകന്മാരുടെ പടങ്ങള്‍
മഞ്ഞത്തയമ്പിന്റെ തൊപ്പികളണിഞ്ഞ
വിരസങ്ങളായ പകലുകള്‍
അടിവസ്ത്രങ്ങള്‍
ശരീരമാര്‍ദ്ദവങ്ങളോടു യുദ്ധത്തിലായിരുന്നു
കഴുത്തു ഞെരിച്ചുകൊന്ന
ഒരു കടല്‍പ്പെരുപ്പം
ആത്മാവില്‍ ഇരമ്പിക്കൊണ്ടേയിരുന്നു


"ദൈവമേ, ഹോ, വേണ്ട"
ഞാന്‍ രണ്ടാമത്തെ പൊതിയഴിച്ചു


അതു വേശ്യയുടേതായിരുന്നു
അക്ഷരങ്ങളിന്മേല്‍ അമര്‍ന്നു കിടക്കുന്ന ഇരുട്ട്.
ചെടിപ്പിന്റെ ഛര്‍ദ്ദില്‍ കെട്ടു പൊട്ടിക്കുമെന്ന്
അഴിച്ചിട്ട സുഗന്ധങ്ങള്‍ എപ്പോഴും ഭയപ്പെട്ടു
സ്വതന്ത്രമായ കാലുകള്‍.
മുടി തൊട്ടു തുടവരെ
വേര്‍തിരിക്കാനാകാത്ത സ്രവഗന്ധങ്ങളുടെ തിരക്ക്.
കടുത്ത പുറംതോടിനുള്ളില്‍
തടഞ്ഞുവീഴുന്ന ദീര്‍ഘശ്വാസങ്ങള്‍.
ഒറ്റജാലകവും നക്ഷത്രങ്ങളും ഉണ്ടായിരുന്നു
കറുപ്പും വെളുപ്പും കൈകള്‍ നീട്ടി
തണുത്ത നഗ്നതയില്‍ ചിത്രം വരയ്ക്കുന്ന ചന്ദ്രന്‍
കാമുകനും കാവല്‍ക്കാരനുമായിരുന്നു
ഓര്‍മ്മയും ഉന്മാ‍ദവും
മുഷിഞ്ഞ തുണികള്‍ക്കിടയില്‍
മരിച്ചു കിടപ്പുണ്ടായിരുന്നു


ഞാന്‍ കോപത്തോടെ
ദൈവത്തെ കാണാന്‍ തിരിച്ചു നടന്നു


ഒരു കുറിപ്പെഴുതിവച്ചു അയാള്‍ സ്ഥലം വിട്ടിരുന്നു


"നിയോഗങ്ങള്‍ രണ്ടും അപഹരിച്ചവളേ
നീ കുടുംബിനിയായി വാഴുക..."