Friday, August 28, 2009

ഒരു പെണ്ണിന്റെ കഥ

അങ്ങനെ അവള്‍
വ്യഭിചരിക്കാന്‍ തീരുമാനിച്ചു.

പഴയ പഞ്ഞിക്കിടക്ക കുടഞ്ഞു വിരിച്ചു.
കഴുത്തിറക്കമുള്ള ബ്ലൌസിനുള്ളില്‍
എന്തെല്ലാമോ ഒളിക്കുന്നതായി ഭാവിച്ച്
പഞ്ചായത്തു റോഡിലൂടെ നടന്നുനോക്കി.
കല്‍ച്ചീളു തട്ടി ഉപ്പൂറ്റി മുറിഞ്ഞു
ചീട്ടുകളിപ്പുരയുടെ ജനലിലൂടെ
ഭര്‍ത്താവ് ഉച്ചത്തില്‍ തെറി വിളിച്ചു.

വൈകുന്നേരം
തോട്ടിന്‍ കരയിലവള്‍
കുളിക്കാനെന്ന മട്ടില്‍ തുണിയുരിഞ്ഞു.
ഒളിഞ്ഞുനോക്കുന്ന കണ്ണുകള്‍ക്കു വേണ്ടി
മലര്‍ന്നും ചെരിഞ്ഞും നീന്തി.
കുളിച്ചു കയറുമ്പോള്‍
തവളകള്‍ കളിയാക്കിച്ചിരിച്ചു.

വിളക്കില്‍ എണ്ണ തീര്‍ന്നതിനാല്‍
രാത്രി, വീടുമുഴുവന്‍ ഇരുട്ടായിരുന്നു.
അവള്‍ക്കു അവളെത്തന്നെ കാണാന്‍ കഴിഞ്ഞില്ല.

പഞ്ഞിക്കിടക്ക തണുത്തുപോയിരുന്നു
അവള്‍ വാവിട്ടു കരഞ്ഞു.

അത്രയ്ക്കു വിശക്കുന്നുണ്ടായിരുന്നു.

Monday, August 17, 2009

ഉറക്കം

മലമുകളില്‍ നിന്ന്
നക്ഷത്രങ്ങളെ തൊടാവുന്ന
അകലത്തില്‍ നില്‍ക്കുമ്പോള്‍
എനിക്കു സ്വപ്നഭ്രംശമുണ്ടായി.

ഖനനം ചെയ്യപ്പെടാതെ
ഭൂമിയുടെ അടിമടക്കുകളില്‍
അലിഞ്ഞുകിടന്ന സ്വര്‍ണ്ണത്തരികളെപ്പോലെ,
കണ്ടെടുക്കപ്പെടാതെ
കടല്‍ഗര്‍ഭത്തില്‍ ഒളിഞ്ഞുകിടന്ന
മുത്തു പോലെ
ഞാന്‍ ഉറങ്ങിക്കിടന്നു.

ഭൂമിയില്‍ മഴ പെയ്യുന്നുണ്ടായിരുന്നു.
രാത്രികാലങ്ങളില്‍ പ്രകാശച്ചിരിയുമായി
നക്ഷത്രങ്ങള്‍ എന്നെ തിരക്കുന്നുണ്ടായിരുന്നു.
മഞ്ഞുപോലുള്ള ഒരു പക്ഷി
എന്റെ ചില്ലകള്‍ തിരഞ്ഞ്
പറന്നു തളരുന്നുണ്ടായിരുന്നു.
എന്റെ ലവണങ്ങള്‍ പതിച്ചുകിട്ടാത്തതില്‍
കാറ്റ് അസ്വസ്ഥനായിരുന്നു.

കണ്ണാടിജനലിലൂടെ കടന്നുകയറി
ഒരു പ്രകാശകിരണം
എന്നാണെന്നെ വെളിപ്പെടുത്തുക?
സൂചിമുഖികള്‍
കോളാമ്പിപ്പൂക്കളെ ഉമ്മവയ്ക്കുന്ന
വേലിപ്പടര്‍പ്പിനുള്ളില്‍
തടവിലാക്കുക?
പ്രണയത്തിന്റെ കടല്‍പ്പാട്ടു കേള്‍പ്പിച്ച്
എന്റെ നനഞ്ഞ മണലില്‍
ചിത്രം വരയ്ക്കുക?

Sunday, August 16, 2009

ആണ്‍മരം

നീ
തേന്‍ നിറമുള്ള ഒരു ഒറ്റമരമാണ്.
ഇലകള്‍ പടര്‍ന്ന് ചില്ലകളാട്ടുന്ന മരം.
നോക്കിനില്‍ക്കെയുള്ള ചാഞ്ചാട്ടങ്ങളാല്‍
എന്നെ ഭയപ്പെടുത്തുന്ന വന്‍മരം.
നിന്റെ സൂക്ഷാണുക്കളിലെല്ലാം
സ്വപ്നം പെയ്യിച്ച രേതസ്സിറ്റുനില്‍ക്കുന്നു.

നിന്റെ കനിമധുരങ്ങള്‍ നുകര്‍ന്ന്
തടിമിനുക്കത്തെ പുണര്‍ന്ന്
നിഴല്‍ത്തണുപ്പില്‍ അമര്‍ന്നുകിടക്കാന്‍
എനിക്കു കൊതിയില്ല.

പകരം

വേരുകള്‍ ചിതറിയ മണല്‍ക്കെട്ടിനുള്ളില്‍
എന്നെ കൂടി അടക്കം ചെയ്താല്‍ മതി.
എന്നിലെ ഖരവും ജലവും
നീ വലിച്ചെടുക്കുക.
നമ്മള്‍ ഒരു നിത്യാശ്ലേഷത്തില്‍ അമര്‍ന്നുകഴിയുമ്പോള്‍
കോടാലിയുമായി അവര്‍ വന്നു കൊള്ളട്ടെ.
നിന്നെ വെട്ടിനുറുക്കിക്കൊള്ളട്ടെ.

Saturday, August 15, 2009

ചര്‍മ്മരോഗങ്ങള്‍

നീളന്‍ മുടിക്കാരാ..
ഇടയ്ക്കിടെ ഇങ്ങനെ നോക്കുന്നതെന്തിന്?
ഈ മഞ്ഞളിച്ച സന്ധ്യാനേരത്ത്
ദിവ്യമായി നീ സംഭവിപ്പിക്കാന്‍ പോകുന്നതെന്തെന്ന്
എനിക്കറിയാം..

ഞാന്‍ എളുപ്പം വളയുന്നവളാണെന്ന്
എന്റെ ശരീര രസതന്ത്രം
നിന്നോടു പറയുന്നുണ്ടാവാം
ലുബ്ധില്ലാതെ ചൊരിഞ്ഞുകളയാന്‍
പ്രണയ നാട്യങ്ങളോളം വിലകുറഞ്ഞ
മറ്റെന്തുണ്ടു ഭൂമിയില്‍?

കാല്‍നഖം മുതല്‍ മുടിത്തുമ്പുവരെ
ഞാന്‍ പേറി നടക്കുന്ന രഹസ്യങ്ങള്‍
നീ കണ്ടെടുക്കും വരെ:
എന്റെ ഭൂമിശാസ്ത്രത്തില്‍
നീ കപ്പലോടിക്കും.
ആദ്യയാത്രകളില്‍ മാത്രം കാണാന്‍ കഴിയുന്ന
എന്ടെ തോട്ടത്തിലെ മാമ്പൂക്കള്‍
നിന്നെ മദിപ്പിച്ചു കൊല്ലും.
നീറുന്ന ചുനപ്പു പോലും
ലഹരി പിടിപ്പിക്കും
മടക്കയാത്രയില്‍ പക്ഷേ, നീ തിടുക്കത്തിലായിരിക്കും;
നീറുകള്‍ കൂട്ടമായി പിന്‍തുടരുന്നതു പോലെ.

എന്നാലുമെന്ത്?
ആദ്യമായി പ്രണയിക്കുന്നവനെപ്പോലെ
നിന്റെ കണ്‍നിറയെ കൌതുകം.
മോഹിപ്പിക്കുന്നവയെങ്കിലും
സ്പര്‍ശങ്ങള്‍ക്കു കുലീനതയുടെ നാട്യം.
നിന്റെ ചോരപ്പാച്ചിലിലുണ്ട്,
വിലക്കുറവിനു ഒത്തുകിട്ടിയ
കളവുമുതലിനോടുള്ള ആക്രാന്തം.

മനസ്സടച്ചിട്ട്
ശരീരത്തിന്റെ മാത്രം കവാടങ്ങളിലൂടെ
ആണിനെ പ്രവേശിപ്പിക്കുന്നവളാണു ഞാന്‍.
ഒറ്റയ്ക്കാവുമ്പോഴും ഒളിച്ചാവുമ്പോഴും മാത്രമുള്ള
ആണിന്റെ ധീരത കണ്ടു രസിച്ചിട്ടുള്ളവള്‍.
ഓരോ സ്ഖലനത്തിനു ശേഷവും
നിരായുധനായിത്തീരുന്നവനെ കണ്ട്
ചിരിയടക്കിയിട്ടുള്ളവള്‍.
രതിമുര്‍ച്ഛ പോലും
അഭിനയിച്ചു ഫലിപ്പിക്കാനറിയുന്നവള്‍.

മഴക്കാലത്തു മാത്രം കവിഞ്ഞൊഴുകുന്ന കുളം പോലെ
മഹാശുഷ്കയാണു ഞാനെന്നു
നീ കണ്ടെത്തുന്ന ദിവസത്തൊളം
ഞാന്‍ നിന്നെക്കൊണ്ടു കപടസത്യങ്ങള്‍ ഇടുവിക്കും.
നിന്നെ കരയിക്കും.
രതിയുടെ അമിട്ടുകൊട്ടാരത്തിലിട്ട്
അടിമപ്പണി ചെയ്യിക്കും.
നിന്റെ അത്താഴവും പ്രിയതമയും
വീട്ടിലിരുന്നു ആറിത്തണുക്കും.
പിന്നെ, നിന്നെ ഞാനായിത്തന്നെ ഉപേക്ഷിക്കും.

നീ എന്തറിയുന്നു, കഷ്ടം.
നിനക്കിപ്പോള്‍ ഞാന്‍
തരത്തിനു ഒത്തു കിട്ടിയ ഒരു പെണ്ണ്.
എനിക്കു നീ
എന്റെ ടെലിഫോണ്‍ പുസ്തകത്തിലെ
‘ടി’ എന്ന പേജിലെ
നാലാമത്തെ ഒരു തോമസ്.